അത്തച്ചമയം കേരളത്തിന്‍റെ ടാഗ് ലൈന്‍ ആക്കണം, ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന ആഘോഷമാക്കി മാറ്റണമെന്ന് മമ്മൂട്ടി

കൊച്ചി: വർണാഭമായ അത്തം ഘോഷയാത്രയോടെ മലയാളക്കരയുടെ ഓണാഘോഷത്തിന് തുടക്കമായി. തൃപ്പൂണിത്തുറ ബോയ്സ് സ്കൂൾ ഗ്രൗണ്ടിലെ അത്തം നഗറിൽ നിന്നു തുടങ്ങി നഗരം ചുറ്റിയാണ് ഘോഷയാത്ര. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. നടൻ മമ്മൂട്ടി ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. വ്യവസായ മന്ത്രി പി രാജീവ് പതാക ഉയർത്തി.അത്താഘാഷ പരിപാടിയില്‍ അതിഥിയായി എത്തുന്നത് ആദ്യമായാമെന്ന് മമ്മൂട്ടി പറഞ്ഞു. ചെമ്പിലുള്ള ആളാണ്. നിങ്ങളറിയുന്ന മമ്മൂട്ടിയാകുന്നതിന് മുമ്പ് അത്തം ഘോഷയാത്രക്ക് വായ് നോക്കി നിന്നിട്ടുണ്ട്. അന്നും പുതുമുയും അത്ഭുതവും ഉണ്ട്. ഇന്നും അത് വിട്ടുമാറിയിട്ടില്ല. ഏത് സങ്കല്‍പ്പത്തിന്‍റയോ ഏത് വിശ്വാസത്തിന്‍റേയോ പേരിലായാലും ഓണം നമുക്ക് ആഘോഷമാണ്. അത്തച്ചമയം വലിയ സാഹിത്യ സാംസ്കാരിക ആഘോഷമാക്കി മാറ്റണം. ഘോഷയാത്രക്ക് അപ്പുറം സാംസ്കാരിക മേഖലക്ക് സംഭവന നല്‍കിയവരെ കൂടി പങ്കെടുപ്പിച്ച്, അവരുടെ ലോകോത്തരമായ കലാരൂപങ്ങള്‍ അവതരിപ്പിക്കണം. അത്തച്ചമയം കേരളത്തിന്‍റെ വലിയ ടാഗ് ലൈന്‍ ആകും.ട്രേഡ്മാര്‍ക്ക് ആകും. ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന ആഘോഷമാക്കി മാറ്റണമെന്നും മമ്മൂട്ടി അഭ്യര്‍ത്ഥിച്ചു. മനുഷ്യരെ ഒന്നിപ്പിക്കുന്ന ആഘോഷമായി ഓണം നിലനില്‍ക്കെട്ടെയന്നും മമ്മൂട്ടി ആശംസിച്ചു. വൻ പൊലീസ് സുരക്ഷയാണ് ഘോഷയാത്രക്കായി വിന്യസിച്ചിരിക്കുന്നത്.. ഞായറാഴ്ചയായതിനാലും കാലാവസ്ഥ അനുകൂലമായതിനാലും ഇത്തവണ വലിയ തിരക്കാണ്. മാവേലിമാർ,പുലികളി, തെയ്യം, നിശ്ചല ദൃശ്യങ്ങൾ തുടങ്ങി വർണാഭമായ കാഴ്ചകളാണ് അത്തച്ചമയ ഘോഷയാത്രയില്‍ അണിനിരക്കുന്നത്.