ആലംകോട് ചാത്തൻപാറയിൽ വീടിന് തീ പിടിച്ച് വൻ നാശനഷ്ടം.

ആലംകോട് : ചാത്തൻപാറയിൽ വീടിന് തീ പിടിച്ച് വൻ നാശനഷ്ടം.ചാത്തൻപാറ വലിയവിള എസ്.എസ് മൻസിലിൽ എം.കെ സലീമിന്റെ വീടിനോട് ചേർന്നുള്ള അടുക്കളയും റബ്ബർ ഷീറ്റുകൾ സൂക്ഷിച്ചിരുന്ന പുരയുമാണ് കത്തി നശിച്ചത്. ധാരാളം ഗൃഹോപകരണങ്ങളും 1300 കിലോയിലധികം റബ്ബർ ഷീറ്റുകളും രണ്ട് മുറികളും പൂർണ്ണമായും കത്തി നശിച്ചു. ഞായറാഴ്ച പുലർച്ചെ 3 മണിയോടെ അയൽവാസികളാണ് തീ പടരുന്ന വിവരം വീട്ടുകാരെ അറിയിച്ചത്. തുടർന്ന് വീട്ടുകാരും അയൽവാസികളും ചേർന്ന് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ആളിപടർന്ന തീ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. തുടർന്ന് ഫയർ ഫോഴ്സിനെ വിവരമറിയിക്കുകയും 4 മണിയോടെ ആറ്റിങ്ങൽ ഫയർഫോഴ്സ് ഓഫീസർ വാസുദേവൻപിള്ളയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. ഒന്നേമുക്കാൽ ലക്ഷത്തോളം വിലമതിയ്ക്കുന്ന റബ്ബർ ഷീറ്റും ഒട്ടുപാലും ഒരു ലക്ഷത്തോളം രൂപയുടെ ഗൃഹോപകരണങ്ങളുടെയും നാശനഷ്ടം കണക്കാക്കുന്നതായി സലിം പറഞ്ഞു. സമീപത്ത് കെട്ടിയിരുന്ന രണ്ട് പശുക്കുട്ടികൾക്കും പൊള്ളലേറ്റു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് വിലയിരുത്തുന്നു.