അബുദാബി: കേരളത്തിലേക്ക് പുതിയ രണ്ട് സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഇത്തിഹാദ് എയര്‍വേയ്‌സ്. കോഴിക്കോടേക്കും തിരുവനന്തപുരത്തേക്കുമായി പുതിയ രണ്ട് സര്‍വീസുകള്‍ തുടങ്ങുമെന്ന് ഇത്തിഹാദ് അറിയിച്ചു. 2024 ജനുവരി മുതല്‍ അബുദാബിയില്‍ നിന്നുള്ള പുതിയ സര്‍വീസുകള്‍ നിലവില്‍ വരും. എമിറേറ്റിലേക്ക് കൂടുതല്‍ സന്ദര്‍ശകരെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്ര തലത്തില്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് ഇത്തിഹാദ്. കൊച്ചിയിലേക്കും ചെന്നൈയിലേക്കും വിമാനങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചതായും ഇത്തിഹാദ് അറിയിച്ചു. ഇതോടെ യൂറോപ്പ്, ഏഷ്യ, യുഎസ് എന്നിവിടങ്ങളിലായി ഈ വര്‍ഷം പ്രഖ്യാപിച്ച ആകെ പുതിയ റൂട്ടുകളുടെ എണ്ണം 11 ആയി. കൊല്‍ക്കത്ത, സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്, കോപ്പന്‍ഹേഗന്‍, ഒസാക എന്നിവിടങ്ങളിലേക്ക് ഉള്‍പ്പെടെ ഒമ്പത് പുതിയ സര്‍വീസുകള്‍ തുടങ്ങുമെന്ന് വിമാന കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു.അതേസമയം വിവിധ നഗരങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ സാധിക്കുന്ന പുതിയ ഓഫര്‍ ഇത്തിഹാദ് എയര്‍വേയ്‌സ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 'മിഷന്‍ ഇംപോസിബിളി'ലൂടെയാണ് ഇത്തിഹാദ് ഈ പരിമിതകാല ഓഫര്‍ നല്‍കുന്നത്. യാത്രക്കാര്‍ക്ക് ലോകമെമ്പാടുമുള്ള വിവിധ സ്ഥലങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാനുള്ള അവസരമാണ് വിമാന കമ്പനി ഒരുക്കുന്നത്.ഇന്ത്യയിലേക്കും കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ ഈ ഓഫറിലൂടെ സാധിക്കും. 895 ദിര്‍ഹം മുതലാണ് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക്. മുംബൈയിലേക്ക് എക്കണോമി ക്ലാസില്‍ 895 ദിര്‍ഹത്തിന് യാത്ര ചെയ്യാം. ദില്ലിയിലേക്ക് 995ദിര്‍ഹമാണ് ഓഫര്‍ കാലയളവിലെ ടിക്കറ്റ് നിരക്ക്. യൂറോപ്പിലേക്ക് 2,445 ദിര്‍ഹത്തിന് യാത്ര ചെയ്യാം. 2,445 ദിര്‍ഹമാണ് സുറിച്ചിലേക്കുള്ള എക്കണോമി ക്ലാസ് ടിക്കറ്റ് നിരക്ക്. 14,995 ദിര്‍ഹത്തിന് ബിസിനസ് ക്ലാസ് ടിക്കറ്റും ലഭിക്കും.
ഈ ഓഫര്‍ പ്രയോജനപ്പെടുത്താന്‍ യാത്രക്കാര്‍ ഈ വര്‍ഷം സെപ്തംബര്‍ 10 മുതല്‍ ഡിസംബര്‍ 10 വരെയുള്ള കാലയളവിലേക്കുള്ള യാത്രയുടെ ടിക്കറ്റ് ആണ് ബുക്ക് ചെയ്യേണ്ടത്. ഓഫര്‍ ജൂലൈ 31 വരെ മാത്രമാണ് നിലവിലുള്ളത്. ഈ പരിമിതമായ സമയത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാനാവുക.