തിരുവനന്തപുരം: ഡിപ്പോകളിൽ യാത്രക്കാർ കൂടുതലുണ്ടെങ്കിൽ എങ്ങോട്ടാണ് പോവേണ്ടതെന്ന് ആരാഞ്ഞ് ആ റൂട്ടിൽ ബസ് ഓടിക്കണമെന്ന് കെ.എസ്.ആർ.ടി.സി സി.എം.ഡി. ജീവനക്കാർക്ക് സാമൂഹികമാധ്യമത്തിലൂടെ നൽകിയ ഓണസന്ദേശത്തിലാണ് നിർദ്ദേശം. ബസ്സ്റ്റാൻഡിൽ യാത്രക്കാർ കൂടുതലുണ്ടെങ്കിൽ ഡിപ്പോ മേധാവിമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഇക്കാര്യം തിരക്കി നടപടി എടുക്കണം.
താൽക്കാലിക ജീവനക്കാരെ ഉപയോഗിച്ചാണെങ്കിലും സർവിസ് ഉറപ്പാക്കണം. 24 മുതൽ 31 വരെ പരമാവധി ബസുകൾ ഓടിച്ച് വരുമാനമുണ്ടാക്കണം. അതിന് എല്ലാവരും ഒന്നിക്കണം. ബസുകൾ ഒന്നിന് പുറകെ മറ്റൊന്നായി ഓടുന്നത് ഒഴിവാക്കണം.
മാസം 14 കോടി രൂപയുടെ സ്പെയർപാർട്സ് വാങ്ങുന്നുണ്ട്. ഇവയുടെ വിതരണം കാര്യക്ഷമമല്ല. അതിന് മെക്കാനിക്കൽ ഉന്നത ഉദ്യോഗസ്ഥരെ സന്ദേശത്തിൽ കുറ്റപ്പെടുത്തുന്നുണ്ട്. കട്ടപ്പുറത്തുള്ള 525 ബസുകൾ നിരത്തിലിറക്കിയാൽ മാസം 25 കോടി രൂപ അധികം ലഭിക്കും. ആർക്ക് മുന്നിലും കൈനീട്ടാതെ ശമ്പളം നൽകാം. ഇത് പ്രതിസന്ധിയുടെ അവസാന ഓണമാണ്. ഒമ്പതുകോടി രൂപ പ്രതിദിന വരുമാനം നേടാൻ കഴിയണം. ജീവനക്കാർ പലവിധത്തിൽ സ്ഥാപനത്തെയും മാനേജ്മെന്റിനെയും അവഹേളിക്കുന്നുണ്ട്. അതിൽ രാഷ്ട്രീയവുമുണ്ട്.
ഡ്യൂട്ടി പരിഷ്കരണത്തിലെ എതിർപ്പിനെക്കുറിച്ചും ഓണസന്ദേശത്തിൽ സി.എം.ഡി പരാമർശിച്ചു. ശമ്പള പരിഷ്കരണം നടത്തി ഒന്നരവർഷം കഴിഞ്ഞിട്ടും കെ.എസ്.ആർ.ടി.സി ജീവനക്കാർ സർക്കാർ ഉദ്ദേശിക്കുന്ന രീതിയിൽ ഉയരുന്നില്ലെന്ന ചിന്ത സർക്കാറിനുണ്ട്. ഉൽപാദനക്ഷമത ഉയരുന്നില്ലെന്ന കാര്യം ധനമന്ത്രി പറഞ്ഞു. സർക്കാറിനും സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.