ശശി തരൂരിന് തലസ്ഥാനത്ത് സ്വീകരണമൊരുക്കാന്‍ കോണ്‍ഗ്രസ്; ഔദ്യോഗികമായി അംഗീകരിക്കാന്‍ പാര്‍ട്ടി

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ശശി തരൂര്‍ എംപിക്ക് തലസ്ഥാനത്ത് കോണ്‍ഗ്രസ് സ്വീകരണമൊരുക്കും. പ്രവര്‍ത്തക സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി കേരളത്തിലേക്ക് എത്തുന്ന തരൂരിന് മികച്ച സ്വീകരണം ഒരുക്കാന്‍ തന്നെയാണ് ആലോചിക്കുന്നത്.

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. നവംബര്‍ ഒന്നിന് വൈകിട്ട് ആറിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വീകരിച്ച് ഡിസിസി ഓഫീസിലെത്തിക്കും. മറ്റൊരു പ്രവര്‍ത്തക സമിതി അംഗവും മുതിര്‍ന്ന നേതാവായ എകെ ആന്റണിയെ സ്വീകരണ പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ ആലോചിക്കുന്നുണ്ട്.

തലസ്ഥാനത്ത് ശശി തരൂരിന് വേണ്ടി പാര്‍ട്ടി ഔദ്യോഗികമായി ഒരു പരിപാടി സംഘടിപ്പിച്ച് ഏറെക്കാലമായി. മറ്റു ജില്ലകളില്‍ കെപിസിസി അനുമതിയില്ലാതെ പരിപരാടികളില്‍ പങ്കെടുക്കുകയും വിമത സ്വഭാവം ഇടക്ക് കൈകൊണ്ടതിലൂടെ പാര്‍ട്ടി നേതൃത്വം തരൂരിനെ പരിഗണിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഡിസിസി അദ്ധ്യക്ഷന്‍ പാലോട് രവിയാണ് സ്വീകരണ പരിപാടിക്ക് മുന്‍കൈ എടുക്കുന്നതെന്ന് ശ്രദ്ധേയമാണ്.