നവീകരിച്ച കോലാംകുടി പാലങ്ങളും, മണക്കോട് ക്ഷേത്ര റോഡും തുറന്നു


നെടുമങ്ങാട് നഗരസഭയിലെ മണക്കോട് വാർഡിൽ വാഹനഗതാഗത സൗകര്യമില്ലാതിരുന്ന കോലാംകുടി പാലങ്ങൾ പൊളിച്ചുമാറ്റി വീതി കൂട്ടി നിർമിച്ച വലിയ പാലങ്ങളുടെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ നിർവഹിച്ചു. തകർന്നു കിടന്ന മണക്കോട് ക്ഷേത്ര റോഡിന്റെ ആദ്യപകുതി കോൺക്രീറ്റ് ചെയ്തതിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ഗ്രാമ പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം സർക്കാരിന്റെ പ്രഥമ പരിഗണനയാണെന്ന് മന്ത്രി പറഞ്ഞു.
മന്ത്രി ജി. ആർ. അനിലിന്റെ എം.എൽ.എ ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചെലവഴിച്ചാണ് പാലങ്ങളുടെ പണി പൂർത്തിയാക്കിയത്. പാലങ്ങൾ നിർമ്മിച്ചതുവഴി പുതുമംഗലം ഭാഗത്തുനിന്നും വാളിക്കോട് ഭാഗത്തേക്കുള്ള യാത്രാസൗകര്യം വർദ്ധിക്കും. പാലത്തിന് 75 മീറ്റർ നീളത്തിൽ സംരക്ഷണഭിത്തിയും നിർമ്മിച്ചിട്ടുണ്ട്.
എം.എൽ.എ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ വിനിയോഗിച്ചാണ് മണക്കോട് ക്ഷേത്രം റോഡിന്റെ നിർമാണം പൂർത്തിയാക്കിത്. പൊളിഞ്ഞുകിടന്നിരുന്നതും വെള്ളക്കെട്ടുള്ളതുമായ 203 മീറ്റർ മൺറോഡാണ് കോൺക്രീറ്റ് ചെയ്തത്.
നഗരസഭ ചെയർ പേഴ്സൺ സി.എസ്. ശ്രീജ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ബി. സതീശൻ, വൈസ് ചെയർമാൻ എസ്. രവീന്ദ്രൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.