കിണറ്റിലകപ്പെട്ട് മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് സഹായവുമായി മന്ത്രി വി ശിവൻകുട്ടി

കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിനിടിഞ്ഞ് മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് സഹായവുമായി മന്ത്രി വി ശിവൻകുട്ടി. വിഴിഞ്ഞം മുക്കോലയിൽ മണ്ണിടിഞ്ഞ് വീണ് കിണറ്റിലകപ്പെട്ട് മരിച്ച തൊഴിലാളി മഹാരാജന്റെ കുടുംബത്തിനുള്ള സഹായധനം മന്ത്രി ശിവൻകുട്ടി കൈമാറി. 2 ലക്ഷം രൂപയുടെ ചെക്ക് ആണ് മഹാരാജന്റെ ഭാര്യ സെൽവിക്ക് മന്ത്രി കൈമാറിയത്. എം ജി എം പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ മഹാരാജന്റെ കുടുംബത്തിനായി പുതുക്കിപ്പണിഞ്ഞ വീടിന്റെ താക്കോൽ ദാനവും നിർവഹിച്ചു.വി ശിവൻകുട്ടി ഫേസ്ബുക് പോസ്റ്റിലൂടെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
വി ശിവൻകുട്ടിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

തിരുവനന്തപുരത്ത് കിണറിടിഞ്ഞ് മണ്ണിനടിയിൽ അകപ്പെട്ട് മരണമടഞ്ഞ മഹാരാജന്റെ കുടുംബത്തിന് സഹായധനം കൈമാറി. കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതി -2010 പ്രകാരം തൊഴിലിനിടെ മരണപ്പെടുന്ന അതിഥി തൊഴിലാളികളുടെ കുടുംബാംഗങ്ങൾക്ക് നൽകുന്ന ധനസഹായത്തുകയാണ് കൈമാറിയത്.2 ലക്ഷം രൂപയുടെ ചെക്ക് മഹാരാജന്റെ ഭാര്യ സെൽവിക്ക് കൈമാറി.തിരുവനന്തപുരം എം ജി എം പബ്ലിക് സ്കൂളിന്റെ നല്ല പാഠം പദ്ധതിയുമായി ചേർന്ന് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ മഹാരാജന്റെ കുടുംബത്തിനായി പുതുക്കിപ്പണിഞ്ഞ വീടിന്റെ താക്കോൽ ദാനവും നിർവഹിച്ചു.