വെഞ്ഞാറമൂട് കെ.സുകുമാരന്റെ വീട്ടിലെ കിണറിലാണ് വെള്ളത്തിനു പകരം പെട്രോൾ ലഭിക്കുന്നത്.

തിരുവനന്തപുരം: കിണറില്‍ നിന്നും വെള്ളം പോലെ പെട്രോള്‍ കിട്ടിയാലോ, അങ്ങനെ നമ്മുടെ നാട്ടില്‍ ചിന്തിക്കാന്‍ പറ്റുമോ, അതെ എന്ന് പറയും വെഞ്ഞാറമൂട് ആലന്തറ സുമഭവനില്‍ കെ സുകുമാരന്‍.

സുകുമാരന്റെ വീട്ടിലെ കിണറ്റിലാണ് വെള്ളത്തിന് പകരം പെട്രോള്‍ നിറയുന്നത്. രണ്ടാഴ്ചയായി കിണറിലെ വെള്ളത്തിനു രുചി വ്യത്യാസം ഉണ്ടായിരുന്നതിനാല്‍ വീട്ടിലെ ആവശ്യത്തിനു പൈപ്പ് വെള്ളമാണ് ഉപയോഗിക്കുന്നത്.രണ്ടു ദിവസം മുന്‍പ് കിണറില്‍ നിന്നും പെട്രോളിന്റെ ഗന്ധം പുറത്തു വന്നു. ഇവരുടെ വീടിന്റെ എതിര്‍വശത്ത് 300 മീറ്റര്‍ മാറി എംസി റോഡിനു മറുവശത്തായി ഒരു പെട്രോള്‍ പമ്പ് ഉണ്ട്. കിണറിലെ വെള്ളത്തിന് പെട്രോളിന്റെ മണം ഉണ്ടെന്ന് പമ്പ് അധികൃതരെ അറിയിച്ചു.

കഴിഞ്ഞ ദിവസം മുതല്‍ വെള്ളത്തിനു നിറ വ്യത്യാസം വന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. രണ്ടു ദിവസമായി കിണറില്‍ നിന്നും പൂര്‍ണ നിറവും മണവും ഉള്ള പെട്രോള്‍ തന്നെ ലഭിച്ചു തുടങ്ങി. ഇന്നലെ പമ്പ് അധികൃതര്‍ എത്തി കിണര്‍ അടച്ചിട്ടു. കുടുംബത്തിനു ഉപയോഗിക്കുന്നതിനു ശുദ്ധജലം എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. പമ്പിനു എതിര്‍വശത്ത് എംസി റോഡിനു കുറുകെ പെട്രോള്‍ എങ്ങനെ കിണറില്‍ എത്തിയെന്ന് വിദഗ്ദര്‍ പരിശോധിക്കുകയാണ്.