തട്ടിപ്പിൽ വീഴല്ലേ., കെഎസ്ഇബി

എത്രയും വേഗം പണമടച്ചില്ലെങ്കിൽ/വിവരങ്ങൾ നൽകിയില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കും എന്ന തരത്തിൽ കെ എസ് ഇ ബിയിൽ നിന്നെന്ന പേരിലുള്ള ചില വ്യാജ എസ് എം എസ്/ വാട്സാപ് സന്ദേശങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സന്ദേശത്തിലെ മൊബൈൽ നമ്പരിൽ ബന്ധപ്പെട്ടാൽ കെ എസ് ഇ ബ് ഉദ്യോഗസ്ഥൻ എന്ന വ്യാജേന സംസാരിച്ച് ഒരു പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുകയും തുടർന്ന് ഉപഭോക്താവിന്റെ ബാങ്ക് വിവരങ്ങൾ കൈക്കലാക്കി പണം കവരുകയും ചെയ്യുന്ന ശൈലിയാണ് ഇത്തരം തട്ടിപ്പുകാർക്കുള്ളത്.

കെ എസ് ഇ ബി അയക്കുന്ന സന്ദേശങ്ങളിൽ 13 അക്ക കൺസ്യൂമർ നമ്പർ, അടയ്ക്കേണ്ട തുക, പണമടയ്ക്കാനുള്ള ലിങ്ക് തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കും. ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഒ ടി പി തുടങ്ങിയവ ഒരു ഘട്ടത്തിലും കെ എസ് ഇ ബി ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നതല്ല.
ഉപഭോക്താക്കൾ തികഞ്ഞ ജാഗ്രത പുലർത്തണം എന്ന് അഭ്യർഥിക്കുന്നു.
ഇത്തരം വ്യാജ സന്ദേശങ്ങളോട് യാതൊരു കാരണവശാലും പ്രതികരിക്കരുത്.

കെ എസ് ഇ ബിയുടെ വൈദ്യുതി ബിൽ അടയ്ക്കാൻ സുരക്ഷിതമായ നിരവധി ഓൺലൈൻ മാർഗ്ഗങ്ങളുണ്ട്. wss.kseb.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ഇൻസ്റ്റാൾ ചെയ്യാവുന്ന KSEB എന്ന ഔദ്യോഗിക ആൻഡ്രോയ്ഡ് മൊബൈൽ ആപ്ലിക്കേഷൻ വഴിയോ വിവിധ ബാങ്കുകളുടെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനുകളിൽ ലഭ്യമായ ഇലക്ട്രിസിറ്റി ബിൽ പെയ്മെന്റ് സൗകര്യം ഉപയോഗിച്ചോ, BBPS (Bharat Bill Payment System) അംഗീകൃത മൊബൈൽ പെയ്മെന്റ് ആപ്ലിക്കേഷനുകൾ വഴിയോ അനായാസം വൈദ്യുതി ബിൽ അടയ്ക്കാവുന്നതാണ്.

ബിൽ പെയ്മെന്റ് സംബന്ധിച്ച് സംശയം ജനിപ്പിക്കുന്ന കോളുകളോ സന്ദേശങ്ങളോ ലഭിക്കുകയാണെങ്കിൽ എത്രയും വേഗം 1912 എന്ന ടോൾഫ്രീ കസ്റ്റമർ കെയർ നമ്പരിലോ കെ എസ് ഇ ബി സെക്ഷൻ ഓഫീസിലോ വിളിച്ച് വ്യക്തത വരുത്തേണ്ടതാണ്.