ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്കെടുക്കാൻ ഒരുങ്ങി പൊലീസ്. ആലുവയിൽ അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് നടപടി. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ അജിത് കുമാറാണ് നിർദേശം നൽകിയത്.ഇതര സംസ്ഥാന തൊഴിലാളികളുടെ കൃത്യമായ കണക്ക് സർക്കാരിനോ പൊലീസിനോ ഇല്ല. കണക്കെടുപ്പിനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ പൂർത്തിയാക്കാനായില്ല. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് പൊലീസ് നടപടി. ഇന്നലെ ചേർന്ന എസ്പിമാരുടെ യോഗത്തിലാണ് എഡിജിപി എം.ആർ അജിത് കുമാർ ഇതു സംബന്ധിച്ച നിർദേശം നൽകിയത്.
ഓരോ സ്റ്റേഷൻ പരിധിയിലുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്കെടുക്കണം. ജില്ലാ പൊലീസ് മേധാവികൾ ഇത് ശേഖരിക്കണമെന്നുമാണ് നിർദേശം. അടുത്തയാഴ്ച മുതൽ കണക്കെടുപ്പ് ആരംഭിക്കുമെന്നാണ് വിവരം. നേരത്തെ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക്ക് കൊടും കുറ്റവാളിയാണെന്ന് കണ്ടെത്തിയിരുന്നു. അസഫാക് ആലം നേരത്തെയും പീഡനക്കേസിൽ പ്രതിയാണ്. 2018ൽ ഇയാളെ ഗാസിപൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 10 വയസുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന്റെ പേരിൽ ഇയാൾ ജയിലിലായിരുന്നു.