*സംസ്ഥാനത്ത് ഇന്നലെ മൂന്നിടത്തായി മുങ്ങി മരിച്ചത് വിദ്യാര്‍ത്ഥികളുള്‍പ്പെടെ ഏഴ് പേർ*

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ മൂന്നിടത്തായി ഏഴു പേർ മുങ്ങി മരിച്ചു. വൈക്കം വെള്ളൂരിൽ ബന്ധുക്കളായ മൂന്നു പേരും പാലക്കാട് വാളയാറിൽ രണ്ട് എൻജിനിയറിങ് വിദ്യാർത്ഥികളുമാണ് മരിച്ചത്. ഇടുക്കി നെടുങ്കണ്ടത്തിന് സമീപം തൂവൽ വെള്ളച്ചാട്ടത്തിൽ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു. 

വൈക്കം വെള്ളൂരിൽ മൂവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ അരയൻകാവ് സ്വദേശി മുണ്ടക്കൽ ജോൺസൺ(55) ജോൺസൺന്റെ സഹോദരിയുടെ മകൻ അലോഷ്യസ് (16) സഹോദരന്റെ മകൾ ജിസ്മോൾ(15) എന്നിവരാണ് മരിച്ചത്. രാവിലെ ചെറുകര പാലത്തിന് സമീപമാണ് അപകടം. 

ഇടുക്കി നെടുങ്കണ്ടത്തിന് സമീപം തൂവൽ വെള്ളച്ചാട്ടത്തിലെ ജലാശയത്തിൽ രണ്ടു വിദ്യാർത്ഥികളെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നെടുങ്കണ്ടം താന്നിമൂട് കുന്നപ്പള്ളിയിൽ സെബിൻ സജി, പാമ്പാടുംപാറ ആദിയാർപുരം കുന്നത്തുമല സ്വദേശി അനില എന്നിവരാണ് മരിച്ചത്. കാൽ വഴുതി വെള്ളത്തിൽ വീണതാകാമെന്നാണ് നിഗമനം. അനില കല്ലാർ ഗവൺമെന്റെ ഹയർ സെക്കൻണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയും സെബിൻ ഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥിയും ആണ്.  

പാലക്കാട് വാളയാർ ഡാമിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ധനലക്ഷ്മി ശ്രീനിവാസൻ കോളേജിലെ ഒന്നാം വർഷം എൻജിനീയറിങ് വിദ്യാർത്ഥികളായ ഷൺമുഖം, തിരുപ്പതി എന്നിവരാണ് മരിച്ചത്. വൈക്കം വെള്ളൂരിൽ മൂവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ ബന്ധുക്കളായ മൂന്നുപേർ മുങ്ങി മരിച്ചു.