*_ഇന്ന് ഉത്രാടം; ഓണത്തെ വരവേല്‍ക്കാനൊരുങ്ങി മലയാളികള്‍*

ഇന്ന് ഉത്രാടം. ഓണത്തെ വരവേല്‍ക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് മലയാളികള്‍. ഓണം പ്രമാണിച്ച് വിപണികളെല്ലാം സജീവമാണ്. സംസ്ഥാനത്തെ വിപണികളിലെല്ലാം വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. സംസ്ഥാനത്തെ ഓണം വാരാഘോഷങ്ങള്‍ക്ക് ഇന്നലെ തുടക്കമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.
അത്തം തുടങ്ങിയുള്ള പത്ത് ദിവസവും ഓണമാഘോഷിക്കാനുള്ള ഓട്ടത്തിലാണ് മലയാളികള്‍. ഉത്രാടമെത്തിയതോടെ അത് ഓട്ടപ്പാച്ചിലാകും. കാണം വിറ്റും ഓണമുണ്ണാനുള്ള എല്ലാ ഒരുക്കളും തേടി കുടുംബസമേതം വിപണിയിലിറങ്ങിയിരിക്കുകയാണ് ആളുകള്‍. വഴിയോരവിപണികളും സജീവമായിത്തന്നെയുണ്ട്.
തുണിക്കടയിലും പച്ചക്കറി കടയിലും കുഞ്ഞുകുട്ടികള്‍ മുതല്‍ പ്രായമായവരുടെ വരെ നീണ്ട നിരകാണാം. ഓണം പൊടിപൊടിക്കാനുള്ള അവസാനവട്ട ഒരുക്കത്തിന്റെ ഓട്ടം എല്ലായിടത്തും കാണാം. ഒത്തൊതുമയുടെ ഉത്സവം കൂടിയാണ് ഓണം. കുടുംബസമേതം ഒത്തുകൂടാനും സ്‌നേഹം പങ്കിടാനും കൂടി ഓണം വേദിയൊരുക്കുന്നു. നാളെ തിരുവോണ ദിനം ഒത്തൊരുമയുടെ മഹോത്സവം കൂടിയാകും മലായാളികള്‍ക്ക്‌ .