44 രാജ്യങ്ങളില്‍ നിന്നായി 286 ചിത്രങ്ങളാണ് പ്രദർശനത്തിനെത്തുക. 78 ചിത്രങ്ങളാണ് ആദ്യ ദിനത്തിൽ പ്രദര്‍ശിപ്പിക്കുക. ഫെസ്റ്റിവല്‍ കാറ്റലോഗ് ടി വി ചന്ദ്രന്‍, ഫിക്ഷന്‍ വിഭാഗം ജൂറി ചെയര്‍മാന്‍ കാനു ബെഹ്‍ലിനും ഡെയ്‌ലി ബുള്ളറ്റിന്‍ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണിനും, നടി കുക്കൂ പരമേശ്വരനും നല്‍കികൊണ്ടും പ്രകാശനം ചെയ്യും.
കാനു ബെഹ്ൽ, ഷാജി എന്‍ കരുണ്‍, സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാൽ നടിയും അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗവുമായ കുക്കു പരമേശ്വരന്‍ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി സ്വാഗതവും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് നന്ദിയും അര്‍പ്പിക്കും.
പേര്‍ഷ്യന്‍ ഡോക്യുമെന്ററിയായ ‘സെവന്‍ വിന്റേഴ്‌സ് ഇന്‍ ടെഹ്‌റാന്‍’ ആണ് ഉദ്ഘാടന ചിത്രം പീഡനശ്രമത്തിനിടെ സ്വരക്ഷയ്ക്കായി അക്രമിയെ കൊല ചെയ്യേണ്ടി വന്ന ഇറാനിയന്‍ വനിത റെയ്ഹാന ജബ്ബാറിയുടെ കഥയാണ് ഹ്രസ്വചിത്രം പറയുന്നത്. ഇന്ത്യയില്‍ നിന്ന് ഓസ്‌കര്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്ത ഷോനെക് സെന്നിന്റെ ‘ഓള്‍ ദാറ്റ് ബ്രീത്ത്സ്’ ഉള്‍പ്പെടെ രാജ്യാന്തര മേളകളില്‍ ബഹുമതികള്‍ നേടിയ 78 ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനത്തിന് മേള വേദിയാകും.
അനിമേഷന്‍, ഹോമേജ്, ജൂറി ഫിലിം, മ്യൂസിക് വീഡിയോ, ക്യാമ്പസ് ഫിലിം, ഫോക്കസ് ഷോര്‍ട്ട് ഡോക്യുമെന്ററി, ഫോക്കസ് ലോങ്ങ് ഡോക്യുമെന്ററി, ഇന്റര്‍നാഷണല്‍ തുടങ്ങി 23 വിഭാഗങ്ങളിലാണ് ചിത്രങ്ങള്‍ പ്രദർശിപ്പിക്കുക. ഗോത്രവര്‍ഗ സംഘര്‍ഷം, സ്ത്രീപക്ഷ ചെറുത്തുനില്‍പ്പുകള്‍, പാര്‍ശ്വവല്‍കൃതരുടെ വിഹ്വലതകള്‍ എന്നീ വിഷയങ്ങളിലേക്കാണ് മേളയിലെ ചിത്രങ്ങൾ വിരല്‍ചൂണ്ടുന്നത്. കൈരളി, ശ്രീ, നിള എന്നീ തിയേറ്ററുകളിലായി രാവിലെ 9 മണി മുതലാണ് പ്രദര്‍ശനം.