ദില്ലി: ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ,ആഭ്യന്തര, അന്താരാഷ്ട്ര വിമാന ടിക്കറ്റുകളുടെ നിരക്ക് കുറച്ചു. 96 മണിക്കൂർ മാത്രമേ ഓഫ്ഫർ ഉണ്ടാകുകയുള്ളൂ. അതായത് 4 ദിവസത്തേക്ക് മാത്രം. ടിക്കറ്റുകളുടെ വില്പന ആഗസ്റ്റ് 17-ന് ആരംഭിച്ചു. ഓഫ്ഫർ നാളെ അവസാനിക്കും. യാത്രക്കാർക്ക് മിതമായ നിരക്കിൽ യാത്ര ചെയ്യാനുള്ള അവസരമാണ് എയർ ഇന്ത്യ നൽകുന്നത്. 1,470 രൂപ മുതൽ ആഭ്യന്തര വിമാന ടിക്കറ്റുകൾ എയർ ഇന്ത്യ വാഗ്ദാനം ചെയ്യുന്നു, ബിസിനസ് ക്ലാസിന് 10,130 രൂപ മുതലാണ് നിരക്ക്. എയർ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, അല്ലെങ്കിൽ മൊബൈൽ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. റിസർവേഷനുകൾക്ക് കൺവീനിയൻസ് ഫീസ് ബാധകമല്ല. സെപ്തംബർ 1 മുതൽ ഒക്ടോബർ 31, 2023 വരെയുള്ള ആഭ്യന്തര, അന്തർദേശീയ റൂട്ടുകളിലെ യാത്രയ്‌ക്കായാണ് ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുക. എയർ ഇന്ത്യ വെബ്‌സൈറ്റും മൊബൈൽ ആപ്പും വഴിയല്ലാതെ അംഗീകൃത ട്രാവൽ ഏജന്റുമാർ, ഓൺലൈൻ ട്രാവൽ ഏജൻസികൾ (OTA) വഴി ബുക്കിംഗുകൾ നടത്താം, എന്നാൽ ഈ രീതികൾക്ക് നേരിട്ടുള്ള ബുക്കിംഗ് നടത്തുന്നതിന്റെ അതേ ഗുണങ്ങളൊന്നും ലഭിക്കില്ല. റീബ്രാൻഡ് ചെയ്യുന്നതിനായി എയർ ഇന്ത്യ കഴിഞ്ഞ ആഴ്ച അതിന്റെ പുതിയ ബ്രാൻഡ് ഐഡന്റിറ്റി വെളിപ്പെടുത്തിയിരുന്നു. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർലൈനിന്റെ പുതിയ ഡിസൈനും നിറവും പുറത്തുവിട്ടിരുന്നു. ഡിസംബർ മുതലാവും പുതിയ ലുക്കിൽ വിമാനങ്ങൾ സർവീസ് തുടങ്ങുക. ദ വിസ്ത എന്ന് പേരിട്ട ലോഗോ അനന്ത സാധ്യതകളെയാണ് സൂചിപ്പിക്കുന്നതെന്ന് ടാറ്റാ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ വ്യക്തമാക്കിയുന്നു.