അജ്മാനില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം; അപ്പാര്‍ട്ട്‌മെന്റുകളും വാഹനങ്ങളും കത്തിനശിച്ചു

അജ്മാന്‍: അജ്മാനില്‍ ഇന്ത്യക്കാരടക്കം ഒട്ടേറെ പ്രവാസികള്‍ താമസിക്കുന്ന ബഹുനില കെട്ടിടത്തില്‍ തീപിടിത്തമുണ്ടായി. 16 അപ്പാര്‍ട്ട്‌മെന്റുകള്‍ 13 വാഹനങ്ങളും കത്തിനശിച്ചു. ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റിലെ ബഹുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.

കെട്ടിത്തിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്കും തീ പടരുകയായിരുന്നു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. ഫ്‌ളാറ്റുകളില്‍ ഉണ്ടായിരുന്ന സാധനങ്ങള്‍ മുഴുവന്‍ കത്തി നശിച്ചു. അജ്മാന്‍ പൊലീസും സിവില്‍ ഡിഫന്‍സ് വിഭാഗവും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കി.

കെട്ടിടത്തിലെ താമസക്കാരെയെല്ലാം വേഗത്തില്‍ ഒഴിപ്പിക്കാനായതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. തീപിടിത്തം ഉണ്ടാകാനുള്ള കാരണം അന്വേഷിച്ചു വരികയാണെന്ന് അജ്മാന്‍ പൊലീസ് അറിയിച്ചു. തീ പിടിത്തത്തിന്റെ ദൃശ്യങ്ങള്‍ അജ്മാന്‍ പൊലീസ് സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചു.