ന്യൂഡൽഹി: സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ് എന്ന് തെറ്റിദ്ധരിപ്പിച്ച് വ്യക്തി വിവരങ്ങളും സാമ്പത്തിക വിവരങ്ങളും ചോർത്തുന്ന വ്യാജ വെബ്സൈറ്റ് പ്രവർത്തിക്കുന്നു.വ്യാജ വെബ്സൈറ്റിന് പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പൊലീസിന് പരാതി.സുപ്രീം കോടതി രജിസ്ട്രാർ (ടെക്‌നോളജി) ഹർഗുർവരിന്ദ് സിങ് ജഗ്ഗിയാണ് പരാതി നൽകിയിരിക്കുന്നത്.ഈ വെബ്‌സൈറ്റിൽ ക്ലിക്ക് ചെയ്ത് വഞ്ചിതരാകരുത് എന്നാവശ്യപ്പെട്ട് സുപ്രീം കോടതി രജിസ്ട്രി പൊതു നോട്ടീസ് ഇറക്കിയിട്ടുണ്ട്.
http://cbins/scigv.com, https://cbins.scigv.com/offence. എന്നിവയാണ് വ്യാജ വെബ്‌സൈറ്റുകളുടെ യു.ആർ.എൽ. വ്യാജ വെബ്സൈറ്റ് ജനങ്ങളിൽനിന്ന് സ്വകാര്യ, രഹസ്യ വിവരങ്ങൾ ആരായുകയാണെന്ന് സുപ്രീം കോടതി രജിസ്ട്രി വ്യക്തമാക്കി. ആരും സ്വകാര്യ, രഹസ്യ വിവരങ്ങൾ കൈമാറരുത്. നൽകുന്ന വിവരങ്ങൾ ചോർത്താൻ ഉപയോഗിച്ചേക്കാമെന്നും രജിസ്ട്രി മുന്നറിയിപ്പ് നൽകി.
www.sci.gov.in ആണ് സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ് സൈറ്റ്.