ശിവഗിരി: ശ്രീനാരായണ ഗുരുദേവന്‍ വിശ്വമാനവികതയുടെ മഹാപ്രവാചകനാണെന്ന് ഗോവാ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് അംഗവും കാഞ്ചീപുരം ശ്രീനാരായണസേവാശ്രമം പ്രസിഡന്‍റുമായിരിക്കെ സമാധിയടഞ്ഞ സദ്രൂപാനന്ദ സ്വാമിയുടെ മണ്ഡല യതിപൂജ സമ്മേളനം കാഞ്ചീപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍. ശ്രീനാരായണ ഗുരുദേവ സന്ദേശങ്ങള്‍ ലോക ജനതയ്ക്ക് വഴികാട്ടിയാണ്. ഭാരതത്തില്‍ ജീവിച്ചിരുന്ന യതിവര്യനായ ഗുരുദേവന്‍ വിശ്വമാനവിക മൈത്രിയുടെ ദാര്‍ശനികനാണ്. മനുഷ്യരെ ഒന്നായി കാണുവാനുള്ള ഗുരുദേവന്‍റെ ആഹ്വാനം ലോകജനത ഏറ്റെടുക്കണം.
ഗുരുദേവ സന്ദേശങ്ങള്‍ ലോകം മുഴുവന്‍ പ്രചരിപ്പിക്കുവാന്‍ ശിവഗിരി മഠത്തിലെ സന്യാസിമാര്‍ ധര്‍മ്മസംഘം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമികളുടെ നേതൃത്വത്തില്‍ അക്ഷീണം പ്രയത്നം ചെയ്തുകൊണ്ടിരിക്കുകയാണ്. നാടും വീടും ഉപേക്ഷിച്ച പരിത്യാഗികളായുള്ള സംന്യാസിമാരുടെ പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാന്‍ കഴിയാത്തതാണ്. ഭാരതത്തിനും വിശ്വമാനവികതയ്ക്കും മുതല്‍ക്കൂട്ടാണിത്. നമ്മില്‍ എത്രപേര്‍ക്ക് സംന്യാസം സ്വീകരിച്ച് ശിവഗിരിയില്‍ സേവനം ചെയ്യുവാന്‍ കഴിയും. ഗുരുദേവദര്‍ശനം ജീവിതചര്യയുടെ ഭാഗമാക്കുവാന്‍ നാം പ്രതിജ്ഞാബദ്ധരാകണം. മിസോറാം ഗവര്‍ണ്ണര്‍ ആയിരിക്കെ ദൈവദശകം മിസോറാം ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്തതും അത് മിസോറാം രാജ്ഭവനില്‍ ആലേഘനം ചെയ്തതും അതിന്‍റെ പകര്‍പ്പുകള്‍ ഉന്നത വ്യക്തിത്വങ്ങള്‍ക്ക് നല്‍കിയതും അദ്ദേഹം അനുസ്മരിച്ചു.
ശ്രീനാരായണ ധര്‍മ്മസഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി അധ്യക്ഷത വഹിച്ചു. ശ്രീനാരായണ ഗുരുദേവ സന്ദേശ പ്രചരണത്തിന് ജീവിതം സമര്‍പ്പിച്ച വലിയ വ്യക്തിത്വത്തിന്‍റെ ഉടമയായിരുന്നു സദ്രൂപാനന്ദ സ്വാമിയെന്ന് സച്ചിദാനന്ദ സ്വാമി അനുസ്മരിച്ചു. ഗുരുദേവ സന്ദേശ പ്രചരണത്തിന് ശ്രീധരന്‍പിളള ഏറെ താല്‍പ്പര്യം കാട്ടിയിട്ടുള്ള ശിവഗിരി മഠത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ സംബന്ധിക്കുവാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്താറുണ്ട്.
1916-ല്‍ ഗോവിന്ദാനന്ദ സ്വാമി തുടങ്ങിയ കാഞ്ചീപുരത്തെ ആയൂര്‍വേദ വൈദ്യശാല അണ്ണാദുരൈ, കാമരാജ് തുടങ്ങിയവര്‍ക്കുപോലും അഭയ കേന്ദ്രം ആയിരുന്നു. രമണ മഹര്‍ഷിക്ക് ആയൂര്‍വേദ മരുന്നുകള്‍ സ്ഥിരമായി നല്‍കിയതും ഇവിടത്തെ വൈദ്യശാലയില്‍ നിന്നായിരുന്നുവെന്നും സച്ചിദാനന്ദ സ്വാമി പറഞ്ഞു. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികള്‍ സ്വാഗതമാശംസിച്ചാരംഭിച്ച യോഗത്തില്‍ ധര്‍മ്മസംഘം ട്രഷറര്‍ സ്വാമി ശാരദാനന്ദ അനുഗ്രഹ പ്രഭാഷണവും സേവാശ്രമം പ്രസിഡന്‍റ് സ്വാമി യോഗാനന്ദ തീര്‍ത്ഥ, സ്വാമി സദ്രൂപാനന്ദ അനുസ്മരണ പ്രഭാഷണവും നടത്തി. സ്വാമി വീരേശ്വരാനന്ദ, സി.വി.എം.പി ഏഴിലരശന്‍ എം.എല്‍.എ. കാഞ്ചീപുരം മേയര്‍ മഹാലക്ഷ്മി യുവരാജ്, വെസ്റ്റേണ്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡറക്ടര്‍ കെ.ആര്‍. മനോജ് എന്നിവര്‍ സംസാരിച്ചു.
യതിപൂജയില്‍ ധര്‍മ്മസംഘം ട്രസ്റ്റ് മുന്‍പ്രസിഡന്‍റ് സ്വാമി വിശുദ്ധാനന്ദ , മുന്‍ ജനറല്‍സെക്രട്ടറി സ്വാമി ഋതംഭരാനന്ദ മധുര ദൈവനിധി കഷയം തലൈവര്‍ ശിവാനന്ദ സുന്ദരാനന്ദ സ്വാമി തുടങ്ങിയവരും പങ്കെടുത്തു. കാഞ്ചീപുരം മെട്രിക്കുലേഷന്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെടെ നാലായിരത്തോളം പേര്‍ ചടങ്ങില്‍ സംബന്ധിക്കുകയുണ്ടായി. അന്നദാനവും ഉണ്ടായിരുന്നു.