വക്കത്ത് കുടിവെള്ളം കിട്ടാതെയായിട്ട് ദിവസങ്ങളായെന്ന് ആരോപിച്ചാണ് യുവാവ് വാട്ടർ ടാങ്കറിന് മുകളിൽ കയറിയത്. നിരവധി പ്രാവശ്യം ആറ്റിങ്ങൽ വാട്ടർ അതോറിറ്റിയിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും പരാതി നൽകിയിരുന്നു. എന്നാൽ കുടിവെള്ളം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഒന്നും തന്നെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായില്ല. തുടർന്നാണ് യുവാവിൻറെ ആത്മഹത്യാ ഭീഷണി.
യുവാവ് വാട്ടർ ടാങ്കറിന്റെ മുകളിൽ തന്നെ തുടരുകയാണ്. വാട്ടർ അതോറിറ്റിയുടെ ഉദ്യോഗസ്ഥർ ആരും തന്നെ സംഭവസ്ഥലത്ത് എത്തിയിട്ടില്ല. ആറ്റിങ്ങൽ ഫയർഫോഴ്സ് സ്ഥലത്തെത്തി യുവാവ് ചാടുമ്പോൾ പിടിക്കാനായിട്ട് വാട്ടർ ടാങ്കിന് താഴെ വലവിരിച്ചിട്ടുണ്ട്. പൊലീസും ഫയർഫോഴ്സും സംഭവ സ്ഥലത്ത് എത്തി യുവാവിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.