ഗുരുദേവ സന്ദേശപ്രചരണം ജീവിതചര്യയായി മാറണം. - സച്ചിദാനന്ദസ്വാമി

ശ്രീനാരായണ ഗുരുദേവ സന്ദേശപ്രചരണം കേരളീയര്‍ ഒരു ജീവിതചര്യയായി മാറ്റണമെന്ന് ശ്രീനാരായണധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി പറഞ്ഞു. ചിങ്ങം 1 മുതല്‍ കന്നി ഒന്‍പതുവരെ നടത്തപ്പെടുന്ന ശ്രീനാരായണ മാസാചരണവും ധര്‍മ്മചര്യായജ്ഞവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമി. 
 ഗുരുദര്‍ശനം എല്ലാ പ്രശ്നപരിഹാരത്തിനുമുള്ള ജീവിത മന്ത്രമാണ്. ദു:ഖവും ദുരിതവും കഷ്ടപ്പാടുകളും ദൂരീകരിക്കുവാന്‍ പദ്യാപ്തമായ പുണ്യ ദര്‍ശനമാണ് ഗുരുവിന്‍റേത്. ഇത് പ്രാവര്‍ത്തികമാക്കുവാന്‍ശ്രമിച്ചാല്‍ കേരളത്തിന് സമഗ്രമായ പുരോഗതി കൈവരിക്കുവാന്‍ സാധിക്കും. ഗുരു സന്ദേശ പ്രചരണം ശിവഗിരി മഠത്തിന്‍റേയും എസ്.എന്‍.ഡി.പി. യോഗത്തിന്‍റേയും ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങളുടേയും മാത്രം കടമയാണെന്ന് ധരിക്കാതെ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും സമൂഹവും ഏറ്റെടുക്കണമെന്നും സ്വാമി പറഞ്ഞു. ഇന്നത് ശിവഗിരിയിലും ശ്രീനാരായണ പ്രസ്ഥാനത്തിലും മാത്രം നിക്ഷിപ്തമായിരിക്കുന്നു. ആധുനിക കേരളത്തെ വാര്‍ത്തെടുക്കുവാന്‍ നേതൃത്വം നല്‍കിയ മഹാഗുരുവിനോട് കേരളക്കര ഒട്ടാകെ കടപ്പെട്ടിട്ടുണ്ട്. അതിനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ ജാതിയുടേയും മതാന്ധതയുടേയും കലുഷിതമായ അന്തരീക്ഷത്തില്‍ മനുഷ്യര്‍ തമ്മിലുള്ള ഏകത സൃഷ്ടിക്കുവാന്‍ സാധിക്കും. അത് മറ്റെന്തിനേക്കാളും ഇന്നാവശ്യമാണ്. ശ്രീനാരായണ മാസാചരണത്തിന്‍റേയും ധര്‍മ്മചര്യായജ്ഞത്തിന്‍റേയും ഭാഗമായി 39 ദിവസങ്ങളിലായി അമ്പത്തൊന്ന് പ്രാര്‍ത്ഥനാ യോഗങ്ങള്‍ നടത്തുന്നു. ഒരു ദിവസവും മുടങ്ങാതെ ക്രമമായി നടത്തപ്പെടുന്ന ഈ പ്രാര്‍ത്ഥനാ യോഗങ്ങള്‍ ഗുരുധര്‍മ്മപ്രചരണസഭയുടെ ചാത്തന്നൂര്‍, വര്‍ക്കല, ചിറയിന്‍കീഴ്, ആറ്റിങ്ങല്‍ മണ്ഡലങ്ങളാണ് സംഘടിപ്പിക്കുന്നത്. ഈ പ്രാര്‍ത്ഥനായോഗങ്ങള്‍ നടത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ ശിവഗിരി മഠവുമായി ബന്ധപ്പെടേണ്ടതാണ്. ശിവഗിരി മഠത്തില്‍ നടന്ന പ്രാര്‍ത്ഥനാ യോഗത്തില്‍ ധര്‍മ്മസംഘം മുന്‍ ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി ഗുരുധര്‍മ്മപ്രചരണ സഭാസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി ആശംസാ പ്രസംഗം നടത്തി. സ്വാമി സത്യാനന്ദ തീര്‍ത്ഥ, സ്വാമി ദേശികാനന്ദയതി, സ്വാമി ഹംസതീര്‍ത്ഥ, സ്വാമി വിരജാനന്ദ ഗിരി, ബ്രഹ്മചാരി അനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.