മടവൂർ റേഡിയോ ജോക്കി രാജേഷ് വധം; പ്രതികൾക്ക് ജീവപര്യന്തം

റേഡിയോ ജോക്കി രാജേഷ് വധത്തിൽ പ്രതികൾക്ക് ജീവപര്യന്തം. രണ്ടാം പ്രതി മുഹമ്മദ് സ്വാലിഹ്, മൂന്നാം പ്രതി അപ്പുണ്ണി എന്നിവർക്കാണ് ശിക്ഷ. ആയുധം ഉപയോഗിച്ചതിന് പത്ത് വർഷം കഠിന തടവിന് വിധിച്ചിട്ടുണ്ട്. ഇത് കൂടാതെയാണ് ജീവപര്യന്തം. 2 ലക്ഷം രൂപ പിഴയും വിധിച്ചു.2018 മാർച്ച് 27ന് മടവൂർ ജംഗ്ഷനിലുള്ള റെക്കോഡിംഗ് സ്റ്റുഡിയോയിൽ വച്ചാണ് രാജേഷ് കൊല്ലപ്പെട്ടത്. സംസ്ഥാനത്തെ ആദ്യത്തെ വിദേശ ക്വട്ടേഷൻ കൊലപാതകമായിരുന്നു അത്. ഓച്ചിറ സ്വദേശിയും ഖത്തറിലെ വ്യവസായിയുമായ സത്താറിന്റെ മുൻ ഭാര്യയും നൃത്താധ്യാപികയുമായ യുവതിയുമായി രാജേഷിനുണ്ടായിരുന്ന അടുപ്പമാണ് കൊലപാതകത്തിലേക്കു നയിച്ചത്. വിശ്വസ്തനായ അലിബായ് എന്ന മുഹമ്മദ് സാലിഹിനു സത്താർ വിദേശത്തു വെച്ച് ക്വട്ടേഷൻ നൽകി. അബ്ദുൽ സാലിഹും, കായംകുളത്തെ ക്വട്ടേഷൻ സംഘതലവൻ അപ്പുണ്ണിയും ചേർന്ന് നടത്തിയ കൊലപാതകമെന്നായിരുന്നു കേസ്.

പതിനൊന്നു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ രണ്ടാം പ്രതിയായ മുഹമ്മദ് സാലിഹ് മൂന്നാം പ്രതി അപ്പുണ്ണി എന്നിവർ കുറ്റക്കാരെന്നാണ് കോടതി കണ്ടെത്തിയത്. മറ്റു ഒൻപതു പ്രതികളെയും വെറുതെ വിട്ടു. വിദേശത്തു തുടരുന്ന കേസിലെ ഒന്നാം പ്രതി സത്താറിനെ ഇത് വരെയും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. പ്രോസിക്യൂട്ടർ മാറിയതിനെ തുടർന്നു വീണ്ടും വിചാരണ നടത്തിയതും, മുഖ്യ സാക്ഷി കുട്ടൻ മൊഴി മാറ്റിയതും തിരിച്ചടിയായിരുന്നു. വെറുതെ വിട്ട ഒൻപത് പ്രതികളുടെ കേസിലെ പങ്ക് തെളിയിക്കാൻ കഴിയാതെ പോയതുംമതി പ്രോസിക്യൂഷൻ വീഴ്ചയെന്നാണ് ആരോപണം.