തിരുവനന്തപുരം: നെടുമങ്ങാട് റവന്യൂ ടവര്‍ ലിഫ്റ്റില്‍ രണ്ട് പേര്‍ കുടുങ്ങി. ഇന്ന് ഉച്ചയ്ക്ക് 2.30ഓടെയാണ് സംഭവം. ഓണാഘോഷ സദ്യ കഴിക്കാൻ എത്തിയ കാഴ്ച പരിമിതിയുള്ള ലോട്ടറി കച്ചവടക്കാരൻ കിളിമാനൂർ സ്വദേശി സുകേഷ്, റവന്യൂ ഉദ്യോഗസ്ഥൻ രഞ്ജു എന്നിവരാണ് ലിഫ്റ്റിൽ കുടുങ്ങിയത്. 15 മിനിട്ടോളം ഇരുവരും ലിഫ്റ്റില്‍ അകപ്പെട്ടു.
കെട്ടിടത്തിലെ ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തനക്ഷമമായിരുന്നില്ല. നെടുമങ്ങാട് ഫയര്‍ ഫോഴ്‌സ് എത്തിയാണ് കുടുങ്ങിയവരെ പുറത്തെത്തിച്ചത്. ആദ്യ നിലയില്‍ ലിഫ്റ്റിന്റെ വാതിലില്‍ എത്തിയതിനാല്‍ ശ്വാസം ലഭിക്കുന്നുണ്ടായിരുന്നു എന്നത് വലിയ അപകടമാണ് ഒഴിവാക്കിയത്.