ഏകദിന ലോകകപ്പ്: തിരുവനന്തപുരത്തെ മത്സരങ്ങള്‍ക്കും ടിക്കറ്റെടുക്കണം; വില്‍പന തിയതിയായി, ബുക്കിംഗിന് അറിയാനേറെ

മുംബൈ: ഇന്ത്യ വേദിയാവുന്ന ഐസിസി പുരുഷ ഏകദിന ലോകകപ്പിന്‍റെ ടിക്കറ്റ് വില്‍പന സംബന്ധിച്ച വിശദവിവരങ്ങള്‍ പുറത്ത്. ഓഗസ്റ്റ് 25ന് ക്രിക്കറ്റ് മാമാങ്കത്തിന്‍റെ ടിക്കറ്റ് വില്‍പന തുടങ്ങും. ഘട്ടം ഘട്ടമായാണ് ഇക്കുറി ടിക്കറ്റുകള്‍ വില്‍പനയ്‌ക്ക് വയ്‌ക്കുന്നത്. ടിക്കറ്റിനായി ആദ്യം ഐസിസി വെബ്‌സൈറ്റില്‍ കാണികള്‍ രജിസ്റ്റർ ചെയ്യണം. ഓഗസ്റ്റ് 15 മുതൽ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം എന്നാണ് ഐസിസി നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതിന് ശേഷം മാത്രമേ ടിക്കറ്റുകള്‍ ഓണ്‍ലൈനായി ലഭ്യമാവുകയുള്ളൂ. തിരുവനന്തപുരത്തെ സന്നാഹമത്സരത്തിനും ആരാധകര്‍ ടിക്കറ്റ് എടുക്കണം. ഓഗസ്റ്റ് 30ന് തിരുവനന്തപുരത്തെ മത്സരങ്ങളുടെ ടിക്കറ്റ് വില്‍പന തുടങ്ങും. ഓഗസ്റ്റ് 25- ഇന്ത്യ ഒഴികെയുള്ള എല്ലാ ടീമുകളുടെയും വാംഅപ് മത്സരങ്ങളുടെയും ഗ്രൂപ്പ് മത്സരങ്ങളുടേയും ടിക്കറ്റ് വില്‍പന

ഓഗസ്റ്റ് 30- ഗുവാഹത്തിയിലും തിരുവനന്തപുരത്തും നടക്കുന്ന ടീം ഇന്ത്യയുടെ മത്സരങ്ങളുടെ ടിക്കറ്റ് വില്‍പന

ഓഗസ്റ്റ് 31- ചെന്നൈ, ദില്ലി, പൂനെ എന്നിവിടങ്ങള്‍ വേദിയാവുന്ന ഇന്ത്യയുടെ മത്സരങ്ങളുടെ ടിക്കറ്റ് വില്‍പന

സെപ്റ്റംബര്‍ 1- ധരംശാല, ലഖ്‌നൗ, മുംബൈ എന്നിവിടങ്ങളിലെ ഇന്ത്യയുടെ മത്സരങ്ങളുടെ ടിക്കറ്റ് വില്‍പന.സെപ്റ്റംബര്‍ 2- ബെംഗളൂരുവും കൊല്‍ക്കത്തയും വേദിയാവുന്ന ഇന്ത്യയുടെ മത്സരങ്ങളുടെ ടിക്കറ്റ് വില്‍പന

സെപ്റ്റംബര്‍ 3- അഹമ്മദാബാദിലെ ഇന്ത്യയുടെ മത്സരങ്ങളുടെ ടിക്കറ്റ് വില്‍പന

സെപ്റ്റംബര്‍ 15- സെമി, ഫൈനല്‍ മത്സരങ്ങളുടെ ടിക്കറ്റ് വില്‍പന

കാര്യവട്ടത്തെ കളി

 

ടീം ഇന്ത്യക്ക് പുറമെ മറ്റ് വമ്പന്‍ ടീമുകളുടേയും വാംഅപ് മത്സരങ്ങള്‍ ആരാധകര്‍ക്ക് കാര്യവട്ടത്ത് കാണാം. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, അഫ്‌ഗാനിസ്ഥാൻ, ന്യൂസിലൻഡ്, നെതർലന്‍ഡ്‌സ് എന്നീ ടീമുകള്‍ കാര്യവട്ടത്ത് കളിക്കാനിറങ്ങും. അഫ്‌ഗാനിസ്ഥാൻ സെപ്റ്റംബർ 29ന് നടക്കുന്ന ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ നേരിടും. തൊട്ടടുത്ത ദിവസം ഓസ്ട്രേലിയ ന്യൂസിലൻഡുമായി ഏറ്റുമുട്ടും. ഒക്ടോബർ രണ്ടിന് നെതർലൻഡ്‌സിനെ ദക്ഷിണാഫ്രിക്ക നേരിടും. ഒക്ടോബർ മൂന്നിന് രോഹിത് ശർമ്മയും സംഘവും ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നെതർലൻഡ്‌സിനെ നേരിടും.