ജലജീവൻ മിഷൻ പദ്ധതിയിലൂടെ സംസ്ഥാനത്തെ കുടിവെള്ള വിതരണ മേഖല, 50 ശതമാനം ഗ്രാമീണവീടുകളിൽ കുടിവെള്ള കണക്ഷൻ എന്ന ചരിത്ര നേട്ടം കരസ്ഥമാക്കി. നിലവിൽ സംസ്ഥാനത്ത് ആകെയുള്ള 69.92 ലക്ഷം ഗ്രാമീണ വീടുകളിൽ പകുതിയിലും, ജലജീവൻ മിഷനിലൂടെ ടാപ്പ് വഴി കുടിവെള്ളം ലഭ്യമാക്കി. ആകെ 35.42 ലക്ഷം ഗ്രാമീണ വീടുകൾക്ക് ടാപ്പ് വഴി കുടിവെള്ളം എന്ന അഭിമാന നേട്ടം. കേരളത്തിലെ 100 വില്ലേജുകളും 78 പഞ്ചായത്തുകളും നൂറു ശതമാനം കുടിവെള്ള ലഭ്യത കൈവരിച്ച് ’ഹർ ഘർ ജൽ’ പദവിയും നേടിയിട്ടുണ്ട്. മുഴുവൻ ഗ്രാമീണ വീടുകൾക്കും ടാപ്പ് വഴി കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം സംസ്ഥാനത്ത് 2020 ഒക്ടോബറിൽ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനാണ് നിർവഹിച്ചത്.
ഏറെ വെല്ലുവിളികൾ ഏറ്റെടുത്തുകൊണ്ട് 50 ശതമാനം കുടിവെള്ള കണക്ഷനുകൾ പൂർത്തിയാക്കിയ, പദ്ധതി നിർവഹണ ഏജൻസികളുടെയും ഉദ്യോഗസ്ഥരുടെയും കഠിനാധ്വാനം ഏറെ പ്രശംസാർഹമാണെന്നും നിശ്ചിത സമയത്തിനുള്ളിൽ പദ്ധതി ലക്ഷ്യം കൈവരിക്കാൻ കൂടുതൽ ജാഗ്രതയോടെ പ്രവൃത്തികൾ തീർക്കേണ്ടതുണ്ടെന്നും ജലവിഭവ മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ പറഞ്ഞു. സ്ഥലലഭ്യതക്കുറവ്, വിവിധ ഏജൻസികളിൽനിന്ന് അനുമതികൾ ലഭിക്കാനുള്ള കാലതാമസം, സമഗ്ര പദ്ധതികൾക്ക് സ്വാഭാവികമായി വേണ്ടിവരുന്ന നീണ്ട പൂർത്തീകരണ കാലയളവ് എന്നിങ്ങനെയുള്ള വെല്ലുവിളികൾ പദ്ധതിക്കുണ്ടായിരുന്നു. ഇതെല്ലാം അതിജീവിച്ചാണ് കേരളത്തിലെ പകുതി വീടുകൾക്കും ടാപ്പ് കണക്ഷൻ ലഭ്യമാക്കിയതെന്ന് മന്ത്രി പറഞ്ഞു. മുൻഗണനാ പദ്ധതികളിലുൾപ്പെടുത്തി കൃത്യമായ ഇടവേളകളിൽ മുഖ്യമന്ത്രിയും വകുപ്പുമന്ത്രിയും നടത്തിയ പദ്ധതി അവലോകനങ്ങൾ നിർവഹണത്തിലുണ്ടാകുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതിലും ഗതിവേഗം കൈവരുത്തുന്നതിലും നിർണായകമായിരുന്നു.
ജലജീവൻ മിഷൻ പൂർത്തിയാകുന്ന 2024-ഒാടെ മുഴുവൻ വീടുകളിലും കുടിവെള്ളമെത്തിക്കാൻ ഇനിയും 35 ലക്ഷത്തോളം കണക്ഷൻ നൽകേണ്ടതുണ്ടെങ്കിലും, ജലജീവൻ മിഷൻ പ്രവർത്തനം ആരംഭിക്കുമ്പോഴുണ്ടായിരുന്ന 17.49 ലക്ഷം കണക്ഷൻ(ആകെ വീടുകളുടെ 24.76 %) എന്നതിൽനിന്ന് മൂന്നു വർഷമാകുംമുൻപ് കണക്ഷനുകളുടെ എണ്ണം 35.42 ലക്ഷത്തിലും 50 ശതമാനത്തിലുമെത്തിക്കാൻ കഴിഞ്ഞുവെന്നത് സംസ്ഥാനത്തിന് മികച്ച നേട്ടമായി.
കേരള വാട്ടർ അതോറിറ്റി, ജലനിധി, ഭൂജല വകുപ്പ് എന്നിവയാണ് സംസ്ഥാനത്ത് പദ്ധതിയുടെ നിർവഹണ ഏജൻസികൾ. കേന്ദ്ര മാർഗനിർദേശമനുസരിച്ച് ഒരാൾക്ക് പ്രതിദിനം 55 ലിറ്റർ വെള്ളമാണു നൽകേണ്ടതെങ്കിലും കേരളീയരുടെ ജലവിനിയോഗത്തിന്റെ പ്രത്യേകതകൾ പരിഗണിച്ച് സംസ്ഥാനത്ത് ഒരാൾക്ക് പ്രതിദിനം 100 ലിറ്റർ എന്നു കണക്കാക്കിയാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. സംസ്ഥാനത്ത് ജലജീവൻ മിഷൻ പദ്ധതി ആരംഭിക്കുമ്പോൾ നിലവിലുണ്ടായിരുന്ന ജലവിതരണ പദ്ധതികളിൽനിന്നെല്ലാം പൂർണശേഷിയിൽ കണക്ഷനുകൾ നൽകിക്കഴിഞ്ഞു. ബാക്കി നൽകാനുള്ള കണക്ഷനുകൾക്ക് ജല ശുദ്ധീകരണശാലയുൾപ്പെടെ സമഗ്രവും സുസ്ഥിരവുമായ ശുദ്ധജലവിതരണ പദ്ധതികൾ പുതുതായി നിർമിച്ചുകൊണ്ടാണ് കണക്ഷൻ നടപടികൾ പുരോഗമിക്കുന്നത്. ദീർഘവീക്ഷണത്തോടെയുള്ള, 40മുതൽ 50 വർഷം വരെ പ്രവർത്തനം ഉറപ്പാക്കാൻ കഴിയുന്ന സുസ്ഥിര-സമഗ്ര കുടിവെള്ള പദ്ധതികൾ വഴിയാണ് സംസ്ഥാനത്ത് പദ്ധതിപ്രവർത്തനം മുന്നോട്ടുപോകുന്നത്. സ്ഥലലഭ്യത, മറ്റ് അനുമതികൾ എന്നിവ നേടിക്കഴിഞ്ഞ് 12-18 മാസമാണ് ഒാരോ പദ്ധതിക്കും വേണ്ട കുറഞ്ഞ നിർമാണ കാലാവധി. അതിനാലാണ് ഇനി നൽകാനുള്ള കണക്ഷനുകൾ പൂർത്തീകരിക്കാൻ കാലതാമസം നേരിടുന്നത്. പെട്ടെന്ന് പൂർത്തിയാക്കാമായിരുന്ന, പരമാവധി പത്തുവർഷം മാത്രം ആയുസ്സുള്ള കുഴൽക്കിണറുകൾ അടിസ്ഥാനമാക്കിയുള്ള ചെറുകിട പദ്ധതികൾ, ദീർഘകാലനേട്ടം ഉറപ്പാക്കണമെന്ന നിലപാടിൽ സംസ്ഥാനം ഒഴിവാക്കുകയായിരുന്നു. കണക്ഷൻ ലഭിക്കുന്ന വേഗം താരതമ്യേന കുറവാണെങ്കിലും ജലജീവൻ മിഷൻ ഉപഭോക്താക്കൾക്ക് ദീർഘകാലാടിസ്ഥാനത്തിൽ മെച്ചപ്പെട്ട, ഗുണനിലവാരവുമുള്ള കുടിവെള്ളം തുടർച്ചയായി ലഭ്യമാക്കാൻ ഇതു വഴി സാധ്യമാകും. ജലജീവൻ മിഷൻ വഴി നൽകേണ്ട 53.34 ലക്ഷം കുടിവെള്ള കണക്ഷനുകൾക്കായി 40203.61 കോടി രൂപയുടെ പദ്ധതികൾക്കാണ് അനുമതി ലഭ്യമായിട്ടുള്ളത്. ഇതുവരെ 7737.08 കോടി രൂപയാണ് പദ്ധതിയിൽ ചെലവഴിച്ചിട്ടുള്ളത്. കേന്ദ്ര-സംസ്ഥാന പദ്ധതി വിഹിതം 50:50 എന്ന അനുപാതത്തിലാണ്.
ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി എല്ലാ ഗ്രാമീണ സ്കൂളുകളിലും അംഗനവാടികളിലും നിലവിൽ ശുദ്ധജല ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. കൂടാതെ ജലഗുണനിലവാരപരിശോധനാ പ്രവർത്തനങ്ങളും പദ്ധതി സഹായ പ്രവർത്തനങ്ങളും നടത്തിവരുന്നു. സംസ്ഥാനത്താകെ, കേരള വാട്ടർ അതോറിറ്റിയുടെ 83 ജലഗുണനിലവാര പരിശോധനാ ലാബുകൾ ദേശീയ അക്രഡിറ്റേഷൻ ഏജൻസിയായ എൻഎബിഎൽന്റെ അംഗീകാരം നേടിയെടുത്തിട്ടുണ്ട്. ഗാർഹിക കുടിവെള്ള പരിശോധനാ നിരക്കുകളിൽ ഇൗയിടെ കുറവു വരുത്തുകയും ചെയ്തിട്ടുണ്ട്.
അയ്യായിരത്തോളം കുടുംബശ്രീ അംഗങ്ങൾക്ക് ഫീൽഡ് പരിശോധനാ കിറ്റുകൾ ഉപയോഗിച്ച് ജലഗുണനിലവാര പരിശോധിക്കുന്നതിനുള്ള പരിശീലനം നൽകിയിട്ടുണ്ട്. പദ്ധതിയെക്കുറിച്ച് ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്താനും വിവര-വിദ്യാഭ്യാസ-വിജ്ഞാന വ്യാപന പ്രവർത്തനങ്ങൾ നടത്താനും പഞ്ചായത്തുകളെ പദ്ധതി പ്രവർത്തനങ്ങളിൽ സഹായിക്കാനും വിവിധ എൻജിഒകളെ നിർവഹണ സഹായ ഏജൻസികളായി കെആർഡബ്ള്യുഎസ്എ മുഖേന പഞ്ചായത്തുകളിൽ വിന്യസിച്ചിട്ടുണ്ട്.