സൗദിയില്‍ കുടിയേറിയ ഇന്ത്യന്‍ കാക്കകളെ ഉന്മൂലനം ചെയ്യാന്‍ നടപടി ആരംഭിച്ചു. ഇന്ത്യയില്‍ നിന്നുള്ള കാക്കകളുടെ എണ്ണം കൂടുകയും ഇത് ചെറു ജീവികളുടെ എണ്ണം കുറയാന്‍ കാരണമാകുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് നടപടി.സൗദിയുടെ തെക്കുപടിഞ്ഞാറന്‍ നഗരമായ ജിസാനിലും ഫറസാന്‍ ദ്വീപിലുമാണ് ഇന്ത്യന്‍ കാക്കകള്‍ കുടിയേറിയിരിക്കുന്നത്. ഇവ തിരിച്ച് പോകാതിരിക്കുകയും എണ്ണം കൂടുകയും ചെയ്യുന്ന സാഹചര്യത്തില്‍ നിയന്ത്രണ നടപടി സ്വീകരിക്കുകയാണ് ദേശീയ വന്യജീവി വികസന കേന്ദ്രം.ഇന്ത്യന്‍ കാക്കകള്‍ ചെറു ജീവികളെ ഭക്ഷിക്കുന്നത് മൂലം ഈ മേഖലയില്‍ ചെറു ജീവികളുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞതായാണ് റിപോര്‍ട്ട്. ഇന്ത്യന്‍ കാക്കകളെ നിയന്ത്രിച്ചില്ലെങ്കില്‍ മറ്റ് ജീവജാലങ്ങളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. വൈദ്യുതി ലൈനുകളില്‍ കൂടുകെട്ടുന്നത് മൂലം വൈദ്യുതി വിതരണം തടസ്സപ്പെടുക, കടല്‍പക്ഷികളുടെ മുട്ടകളും കുഞ്ഞുങ്ങളെയും ഭക്ഷിക്കുക, കന്നുകാലികളെ ആക്രമിക്കുക, രോഗം പടര്‍ത്തുക, തുടങ്ങിയവ ഇന്ത്യന്‍ കാക്കകള്‍ വഴി ഉണ്ടാകുന്നുവെന്ന് ഇതുസംബന്ധമായ റിപോര്‍ട്ട് പറയുന്നു.
രാജ്യത്തെ ജൈവ വൈവിധ്യങ്ങളും ജനിതക വിഭവങ്ങളും സംരക്ഷിക്കുന്നതിനായി വന്യജീവി വികസന കേന്ദ്രം നടപ്പിലാക്കുന്ന ദേശീയ പദ്ധതിയുടെ ഭാഗമായാണ് ഇന്ത്യന്‍ കാക്കകളെ സൌദിയില്‍ നിന്നു ഉന്മൂലനം ചെയ്യാനുള്ള നീക്കം നടക്കുന്നത്.