ഓണം ആഘോഷിച്ച് മീനാങ്കൽ ട്രൈബൽ സ്‌കൂളിലെ വിദ്യാർത്ഥികൾ

മുറ്റത്ത് പൂക്കളവും ആയത്തിലാടാൻ ഊഞ്ഞാലും മനസും വയറും നിറച്ച് ഓണസദ്യയുമൊക്കെയായി ആഘോഷമായിരുന്നു അരുവിക്കര മീനാങ്കൽ ട്രൈബൽ ഹൈസ്‌കൂളിലെ വിദ്യാർത്ഥികളുടെ ഓണം. ഓണപൊലിമ 2K23 ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആദിവാസിമേഖലയിലുള്ള സ്‌കൂളിൽ കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ സമ്പൂർണവിജയം കൈവരിക്കാനായി എന്നതാണ് ഇത്തവണ ഓണത്തെ വ്യത്യസ്തമാക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു. മീനാങ്കൽ ട്രൈബൽ ഹൈസ്‌കൂളിലെ വിജയത്തിന് കൂടുതൽ തിളക്കമുണ്ടെന്നും ഇത് ഓണപൊലിമയുടെ പ്രസക്തി വർധിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 
സഹോദരങ്ങളായ രണ്ട് വിദ്യാർത്ഥിക്കായി റോട്ടറി ക്ലബും സ്‌കൂളും സംയുക്തമായി പണിത് നൽകുന്ന വീടിന്റെ പ്രഖ്യാപനവും എം.എൽ.എ നടത്തി. സ്‌കൂൾ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ തയാറാക്കിയ ഓണപ്പതിപ്പ് ഇതളും പ്രകാശനം ചെയ്തു. ഓണാഘോഷത്തോടനുബന്ധിച്ച് അത്തപ്പൂക്കളമത്സരവും സ്‌കൂളിൽ സംഘടിപ്പിച്ചിരുന്നു. 
വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ, ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ, ജില്ലാ പഞ്ചായത്ത് അംഗം എ.മിനി, മറ്റ് ജനപ്രതിനിധികൾ, ഹെഡ്മിസ്ട്രസ് ഷീജ വി.എസ് എന്നിവരും പങ്കെടുത്തു.