അവൻ വരുന്നു..'ബറോസ്'; സംവിധാനം മോഹൻലാൽ, റിലീസ് അപ്ഡേറ്റ്

സമീപകാലത്ത് 'ബറോസിനോളം' കാത്തിരിപ്പ് ഉയർത്തിയ മലയാള ചിത്രം ഉണ്ടാകുമോ എന്ന കാര്യത്തിൽ സംശയമാണ്. മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്നത് തന്നെ ആയിരുന്നു അതിന് കാരണം. വർഷങ്ങൾ നീണ്ട അഭിനയജീവിതത്തിൽ നേടിയെടുത്ത പാഠങ്ങളുമായി മോഹൻലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി പ്രതീക്ഷയോടെ ആണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ പ്രേക്ഷകർ ഏറ്റെടുക്കുന്നും. ഇപ്പോഴിതാ സിനിമയുടെ റിലീസ് വിവരം പങ്കുവയ്ക്കുക ആണ് നടൻ മോഹൻലാൽ. ബറോസ് ഡിസംബറില്‍ തിയറ്ററുകളിലെത്തും എന്നാണ് മോഹൻലാൽ അറിയിച്ചിരിക്കുന്നത്. മനോരമ ന്യൂസിനോട് ആയിരുന്നു മോഹൻലാലിന്റെ പ്രതികരണം. സിനിമയുടെ റീ റെക്കോർഡിങ്ങിന്റെ പ്രധാന ഭാ​ഗങ്ങൾ അമേരിക്കയിലെ ലോസാഞ്ചലസിൽ പൂർത്തിയായി എന്നും ബാക്കിയുള്ള ജോലികൾ ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടക്കുക ആണെന്നും മോഹൻലാൽ പറഞ്ഞു. സിനിമയുടെ സ്പെഷ്യല്‍ എഫക്ട്സ് ഇന്ത്യയിലും തായ്‍ലന്‍റിലും ആയാണ് നടക്കുന്നത്. മറ്റ് ജോലികൾ എല്ലാം പൂർത്തിയായെന്നും ഡിസംബറില്‍ സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാന്‍ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു. ഈ വർഷം തന്നെ ബറോസ് റിലീസ് ചെയ്യുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. 3 ഡി ചിത്രം ആയതിനാലും ഫാന്‍റസി ആയതിനാലും ഗ്രാഫിക്സിനും ഏറെ പ്രാധാന്യമുള്ള സിനിമയാണിത്. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24ന് ആയിരുന്നു. പല ഷെഡ്യൂളുകളിലായി 170 ദിവസത്തോളം ചിത്രീകരിച്ച ബറോസ് നിർമിക്കുന്നത് ആശിർവാദ് സിനിമാസാണ്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്.പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്‍പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു. ഹോളിവുഡിലെ പ്രശസ്തനായ സംഗീതജ്ഞന്‍ മാർക്ക് കിലിയൻ ബറോസ് ടീമിന്‍റെ ഭാഗമാകുന്നുണ്ട്. അതേസമയം, ലിജോ ജോസിന്റെ മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബൻ ഡിസംബറിൽ റിലീസ് കാണുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.