സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനെതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണ്ണയം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. 'ആകാശത്തിന് താഴെ' ചിത്രത്തിന്റെ സംവിധായകന്‍ ലിജീഷ് മുള്ളേഴത്ത് ആണ് ഹര്‍ജിക്കാരന്‍. പുരസ്‌കാര നിര്‍ണ്ണയത്തില്‍ സ്വജനപക്ഷപാതമുണ്ടെന്നാണ് പ്രധാന ആക്ഷേപം. പുരസ്‌കാര നിര്‍ണ്ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടുവെന്നും ലിജീഷ് മുള്ളേഴത്ത് ഹര്‍ജിയില്‍ പറയുന്നു.

അന്വേഷണം ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയെടുത്തില്ല. പരാതിയിന്മേല്‍ അന്വേഷണം നടത്താന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ലിജീഷ് ഹര്‍ജിയില്‍ പറയുന്നു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം കടുത്ത വിവാദങ്ങളിലൂടെയാണ് കടന്നു പോകുന്നത്. സംവിധായകന്‍ വിനയനാണ് ആരോപണങ്ങളുമായി ആദ്യം രംഗത്തുവന്നത്. പുരസ്‌കാര നിര്‍ണയത്തില്‍ രഞ്ജിത്തിന്റെ ഇടപെടല്‍ ഉണ്ടായിരുന്നുവെന്നാണ് വിനയന്‍ ആരോപിച്ചത്. ഇതുമായി ബന്ധപ്പെട്ട് ജൂറി അംഗങ്ങളായ രണ്ടുപേരുടെ ശബ്ദരേഖ വിനയൻ പുറത്തുവിട്ടിരുന്നു. സംസ്ഥാന പുരസ്കാര നിർണയ പാനലിലെ ജൂറിയായിരുന്ന ജെൻസി ഗ്രിഗറി, നേമം പുഷ്പരാജ് എന്നിവരുടെ ശബ്ദരേഖയാണ് സംവിധായകൻ പുറത്തുവിട്ടത്.