കെഎസ്ആര്‍ടിസി ശമ്പളം പ്രതിസന്ധി; സിഐടിയുവും ടിഡിഎഫും പണിമുടക്കിലേക്ക്

കെഎസ്ആര്‍ടിസി ശമ്പളം പ്രതിസന്ധിയില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി സിഐടിയു. കോണ്‍ഗ്രസ് അനുകൂല ടിഡിഎഫ് യൂണിയനുമായി ചേര്‍ന്നാണ് സിഐടിയു പണിമുടക്ക് പ്രഖ്യാപിച്ചത്. ഈ മാസം 26ന് കെഎസ്ആര്‍ടിസിയിലെ സംയുക്ത യൂണിയന്‍ പണിമുടക്കുന്നത്.ജൂലൈ മാസത്തിലെ ശമ്പളം ജീവനക്കാര്‍ക്ക് ഇതുവരെ നല്‍കാത്ത സാഹചര്യത്തിലാണ് സമരത്തിലേക്ക് കടക്കുന്നത്. ഓണം ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുക, സ്ഥലം മാറ്റ ആവശ്യങ്ങള്‍ പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങളും യൂണിയനുകള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.

ശമ്പളം വിതരണത്തിനായി 30 കോടി ധനവകുപ്പ് അനുവദിച്ചെന്നും, പണം ലഭിക്കുന്ന മുറയ്ക്ക് ബാക്കി ശമ്പളം നല്‍കുമെന്നുമാണ് കഴിഞ്ഞ മാസം 26ന് സിഎംഡി ബിജു പ്രഭാകര്‍ ഹൈക്കോടതിയില്‍ അറിയിച്ചത്. ശമ്പള വിതരണത്തിനും കുടിശ്ശികക്കുമായുള്ള കെഎസ്ആര്‍ടിയുടെ 130 കോടിയുടെ അപേക്ഷ പരിഗണനയില്‍ ഉണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരില്‍ നിന്നും കിട്ടാനുള്ള പണം സംസ്ഥാന സര്‍ക്കാരിന് ലഭിക്കാത്തതിനാല്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. കെഎസ്ആര്‍ടിസിയെ സഹായിക്കാനായില്ലെങ്കില്‍ അടച്ചു പൂട്ടാനും കോടതി സര്‍ക്കാരിനോട് വിമര്‍ശന സ്വരത്തില്‍ ആവര്‍ത്തിച്ചിരുന്നു. അതേസമയം കെഎസ്ആര്‍ടിസിയെ രക്ഷിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ഈ മാസം 15നകം അറിയിക്കാനാണ് സര്‍ക്കാരിന് കോടതിയുടെ നിര്‍ദേശം.