ഗുരുദേവജയന്തി: ശിവഗിരിയും വര്‍ക്കലയും തയ്യാറെടുക്കുന്നു.

ശ്രീനാരായണ ഗുരുദേവന്‍റെ 169 - ാമത് ജയന്തിയാഘോഷത്തിന് ശിവഗിരിയും വര്‍ക്കലയിലും ഒരുക്കങ്ങളാരംഭിച്ചു. നാടൊന്നാകെ അണിനിരന്നുള്ളതാണ് ശിവഗിരിയിലെ ജയന്തിയാഘോഷം. ആഘോഷകമ്മിറ്റി സെക്രട്ടറി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് അംഗം സ്വാമി ബോധിതീര്‍ത്ഥയുടെയും ജോയിന്‍റ് സെക്രട്ടറി സ്വാമി അസംഗാനന്ദഗിരിയുടെയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചുകൊണ്ട് വിവിധ കമ്മിറ്റികളാണ് നിരന്തരം പ്രവര്‍ത്തനം നടത്തിവരുന്നത്. ശിവഗിരിക്കുന്നുകളും വര്‍ക്കലദേശം പൂര്‍ണ്ണമായും ജയന്തി കാലയളവില്‍ വിവിധ വര്‍ണ്ണവൈദ്യുത ദീപാലങ്കാരങ്ങളാല്‍ നയനമനോഹരമാകും. ജയന്തിഘോഷയാത്രയില്‍ നൂറുകണക്കിന് ഫ്ളോട്ടുകള്‍ അണിനിരക്കും. വിവിധവാദ്യമേളങ്ങളും കലാപ്രകടനങ്ങളും ഘോഷയാത്രയുടെ പ്രൗഢിവര്‍ധിപ്പിക്കും. കടന്നുപോകുന്ന മിക്ക കേന്ദ്രങ്ങളിലും കലാമേളകള്‍ ഉണ്ടാകും. വീഥികളും വീടുകളും വ്യാപാരവ്യവസായ സ്ഥാപനങ്ങളും വൃക്ഷലതാദികളും വിവിധവര്‍ണ്ണ വൈദ്യുതി ദീപങ്ങളാല്‍ വര്‍ണ്ണവിസ്മയം സൃഷ്ടിക്കും. വിവിധകമ്മിറ്റികളുടെ വിശ്രമരഹിത മുന്നൊരുക്കങ്ങളാണ് നടന്നുവരുന്നത്.