ഓണത്തിന് കർഷകർക്ക് താങ്ങായി ഓണസമൃദ്ധി കാർഷികവിപണി

സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തിൽ ഓണം പഴം, പച്ചക്കറി വിപണി ഓണസമൃദ്ധി 2023 നെടുമങ്ങാട് ആരംഭിച്ചു. ഓണസമൃദ്ധിയുടെ ജില്ലാ തല ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ നെടുമങ്ങാട് നഗരസഭാ ഓഫീസിന് സമീപമുള്ള ഇക്കോഷോപ്പിൽ നിർവഹിച്ചു. ജൈവകാർഷിക രീതികൾ പിന്തുടർന്ന് ഉത്പാദിപ്പിക്കുന്ന നാടൻ ഉത്പന്നങ്ങളാണ് ഓണസമൃദ്ധി വിപണികളിലൂടെ ലഭ്യമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഓണത്തോടനുബന്ധിച്ച് പൊതുജനങ്ങളെ സഹായിക്കുന്നതിനായി സർക്കാർ സംവിധാനങ്ങളെല്ലാം ഉണർവോടെയാണ് പ്രവർത്തിക്കുന്നതെന്നും കർഷകരുടെ പരിശ്രമങ്ങൾക്ക് മതിയായ പ്രചാരണം നൽകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 
കർഷകരിൽ നിന്ന് വിപണി വിലയേക്കാൾ 10 ശതമാനം കൂടിയ നിരക്കിൽ സംഭരിക്കുന്ന കാർഷിക ഉത്പന്നങ്ങൾ 30 ശതമാനം വരെ കുറഞ്ഞ നിരക്കിലാണ് ഓണവിപണിയിലൂടെ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നത്. 
നെടുമങ്ങാട് നഗരസഭ ചെയർപേഴ്‌സൺ സി.എസ് ശ്രീജ അധ്യക്ഷയായിരുന്നു. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി.വി, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എസ്.സുനിത, നെടുമങ്ങാട് നഗരസഭ വൈസ് ചെയർമാൻ എസ്.രവീന്ദ്രൻ, വിവിധ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, പ്രിൻസിപ്പൽ കൃഷി ഓഫീസർ അനിൽകുമാർ.എസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.