ശിവഗിരി: ഭാരതത്തിലെ ആദ്ധ്യാത്മ സമ്പ്രദായങ്ങളില്‍ ചിരപുരാതനമായ സിദ്ധാന്തത്തേയും വേദാന്തത്തേയും സമന്വയിപ്പിച്ച മഹാഗുരുവായിരുന്നു ശ്രീനാരായണഗുരുദേവനെന്ന് ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി അറിയിച്ചു.
തിരുപ്രംകുണ്ട്രം ശ്രീനാരായണ ഗുരു ശാന്തലിംഗ സ്വാമി മഠത്തിന്‍റെ ആഭിമുഖ്യത്തില്‍ മധുര അളകറെഡിലെ ഇല്ലത്തുപിള്ളമാര്‍ സംഘം ഹാളില്‍ വൈക്കം സത്യാഗ്രഹം, സര്‍വ്വമത സമ്മേളനം, ശതാബ്ദി സമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി. ശൈവസിദ്ധന്‍ കൂടിയായിരുന്ന ഗുരുദേവന്‍ തിരുക്കുറള്‍, ഒഴുവിലൊടുക്കം, തിരുവാചകം, തുടങ്ങിയ തമിഴ് വേദഗ്രന്ഥങ്ങള്‍ മലയാളത്തില്‍ വിവര്‍ത്തനം ചെയ്യുകയും മധുര, മദ്രാസ്, കാഞ്ചീപുരം, കോയമ്പത്തൂര്‍, ട്രിച്ചി, രാജപാളയം, തിരുന്നല്‍വേലി തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ആശ്രമങ്ങളും മറ്റും സ്ഥാപിച്ചിരുന്നു. ഇപ്പോള്‍ മധുര ആശ്രമം കേന്ദ്രീകരിച്ച് ഇല്ലം തോറും ഗുരു എന്ന ഗുരു സന്ദേശ പ്രചരണത്തിന് നേതൃത്വം നല്‍കിയ വീരേശ്വരാനന്ദ സ്വാമികളെ യോഗത്തില്‍ അഭിനന്ദിച്ചു. മധുര ശിവാനന്ദാശ്രമം പ്രസിഡന്‍റ് സുന്ദരാനന്ദ സ്വാമികള്‍, ഗുരുധര്‍മ്മപ്രചരണ സഭാ സെക്രട്ടറി അസംഗാനന്ദഗിരി സ്വാമി, ദിവ്യാനന്ദഗിരി സ്വാമി, (ശിവഗിരിമഠം) രമേശേ സ്വാമി (ചെന്നൈ) ഗുരുധര്‍മ്മപ്രചരണ സഭാ തമിഴ്നാട് ഘടകം പ്രസിഡന്‍റ് അഡ്വ. ഇളങ്കോ തുടങ്ങിയവര്‍ സംസാരിച്ചു. ശാരദാനന്ദ സ്വാമി, പ്രബോധതീര്‍ത്ഥ സ്വാമി, സ്വാമിനി ആര്യനന്ദാദേവി, സ്വാമിനി നിത്യചിന്‍മയി, സ്വാമിനി ശ്രീനാരായണ ചൈതന്യമയി, സ്മൈല്‍ കോട്ടയം ഡയറക്ര്‍ ബെന്‍സാല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നാനൂറില്‍പ്പരം ഭവനങ്ങള്‍ സന്ദര്‍ശിച്ച് ഗുരുദേവ പ്രാര്‍ത്ഥനകള്‍, ഗുരുദേവ ചിത്രങ്ങള്‍ എന്നിവ വിതരണം ചെയ്തു.
ഗുരുദേവന്‍ ത്മിഴ്നാട്ടില്‍ ചെയ്ത സേവനങ്ങളെ ആസ്പദമാക്കി ഗുരുദേവനും തമിഴകവും എന്ന സച്ചിദാനന്ദ സ്വാമി തയ്യാറാക്കിയ തമിഴ്ഗ്രന്ഥവും ഗുരുദേവ സൂക്തങ്ങളുടെ തമിഴ് തര്‍ജ്ജിമയും സമ്മേളനത്തില്‍ പ്രകാശനം ചെയ്തു.
സ്മൈല്‍ കോട്ടയത്തിന്‍റൈ സഹകരണത്തോടുകൂടി ഇല്ലംതോറും ഗുരു എന്ന ഗൃഹസന്ദര്‍ശന പരിപാടി അടുത്ത മാസങ്ങളിലും നടക്കുമെന്ന് ശിവഗിരി മഠം സംന്യാസിമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു