ശിവഗിരി: ജാതിമത ദേശകാലചിന്തകള്‍ക്കൊന്നും സ്ഥാനം നല്‍കാതെ ഏകോദര സഹോദരങ്ങളായി മാനവസമൂഹം ജീവിക്കണമെന്ന ആശയം പ്രചരിപ്പിച്ചുകൊണ്ട് ദക്ഷിണ കൊറിയയില്‍ നിന്നും ലോകസഞ്ചാരം നടത്തി വന്ന സിന്‍ഫിവാന്‍ യാത്രാമദ്ധ്യേ ശിവഗിരി മഠത്തിലെത്തി. ശ്രീനാരായണഗുരു ദേവനെപ്പറ്റി അറിഞ്ഞിട്ടുണ്ടെങ്കിലും ഗുരുവിനേയും ഗുരുദര്‍ശനത്തേയും പറ്റി ഏറെ അറിയുന്നതിനാണ് ശിവഗിരി മഠത്തിലെത്തിയതെന്ന് സിന്‍ഫിവാന്‍ പറഞ്ഞു.
നേപ്പാളില്‍ എത്തിയശേഷം തുടര്‍യാത്രയില്‍ കേദാര്‍നാഥ്, ഋഷികേശ് എന്നിവിടങ്ങളിലൊക്കെ സഞ്ചരിച്ചശേഷം വര്‍ക്കലയില്‍ ബീച്ചിലെത്തി അവിടെ പരിചയപ്പെട്ട ഗൈഡില്‍ നിന്നും ശിവഗിരിയിലെത്തുന്ന മാര്‍ഗ്ഗം തേടി വൈകാതെ എത്തുകയായിരുന്നു. പലയിടവും സന്ദര്‍ശിച്ചുവെങ്കിലും ശിവഗിരിയില്‍ അനുഭവപ്പെട്ട ശാന്തതയും പ്രകൃതിരമണീയതയും ആരാധനാരീതികളുമൊക്കെ തന്നെ വല്ലാതെ സ്വാധീനിക്കുകയുണ്ടായി എന്ന് അദ്ദേഹം അനുഭവം പങ്കുവച്ചു. താന്‍ വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ടു നടക്കുന്ന മനുഷ്യരെല്ലാം ഒന്നാണെന്ന സങ്കല്‍പ്പം ശിവഗിരി മഠത്തില്‍ സാക്ഷാത്ക്കരിക്കപ്പെട്ടിരിക്കുന്നു വെന്ന് മനസ്സിലാക്കാനായി. ശിവഗിരിയില്‍ കഴിഞ്ഞസമയം ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്നു വന്നുപോകുന്നവരേയും ശ്രദ്ധയില്‍പ്പെട്ടു. ആര്‍ക്കും ആരും യാതൊരുവിധ നിയന്ത്രണങ്ങളും വിലക്കുകളും ഏര്‍പ്പെടുത്തിയിട്ടില്ല. എത്തിയ ദിവസം തന്നെ ശിവഗിരി മഠത്തിന്‍റെ ശാഖാസ്ഥാപനമായ കുമളി ചക്കുപള്ളം ശ്രീനാരായണ ധര്‍മ്മാശ്രമം സെക്രട്ടറി സ്വാമി ഗുരുപ്രകാശവുമായി കൂടിക്കാഴ്ചയ്ക്കും അദ്ദേഹത്തില്‍ നിന്നും ഏറെകാര്യങ്ങള്‍ മനസ്സിലാക്കാനും കഴിയുകയുണ്ടായി. ഗുരുദേവനിലേക്കും ഗുരുദര്‍ശനത്തിലേക്കും തന്നെ സ്വാമി ഏറെ അടുപ്പിച്ചതായി സിന്‍ഫിവാന്‍ അവകാശപ്പെട്ടു. ഗുരുദേവ മഹാസമാധിയിലും ശാരദാമഠത്തിലും പര്‍ണ്ണശാലയിലും പ്രാര്‍ത്ഥനയില്‍ സംബന്ധിക്കാനായത് മറക്കാനാവില്ല.
ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമിയുടെ അനുഗ്രഹം തേടുകയും ഉപദേശം സ്വീകരിക്കുകയും ചെയ്തു. ഇന്നലെ മടക്കയാത്രാവേളയില്‍ പര്‍ണ്ണശാലയ്ക്ക് മുന്നില്‍വച്ച് ഗുരുദേവ ചരിത്രം ഉള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങള്‍ ധര്‍മ്മസംഘംട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയില്‍ നിന്നും സ്വീകരിച്ചാണ് സിന്‍ഫിവാന്‍ പോയത്. വീണ്ടും താന്‍ ശിവഗിരിയിലേക്ക് വൈകാതെ എത്തുമെന്നും ശുഭാംഗാനന്ദ സ്വാമിയുമായുള്ള സംഭാഷണത്തില്‍ അറിയിച്ചു. താന്‍ സഞ്ചരിക്കുന്നിടത്തെല്ലാം ഗുരുദേവനെക്കുറിച്ച് അറിയിക്കാനും ഗുരുദര്‍ശനം പ്രചരിപ്പിക്കാനും ശ്രമിക്കും. ഇത്രയും കാലം മനസ്സില്‍ കൊണ്ടുനടന്ന ജാതിമതഭേദചിന്തകളില്ലാതെ ഏവരേയും ഒന്നായി സ്വീകരിക്കുന്ന പുണ്യകേന്ദ്രമാണിതെന്നു തിരിച്ചറിയാനായതായി അഭിപ്രായപ്പെട്ടായി മടക്കം.