ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു;രാഹുലും, ശ്രേയസും തിരിച്ചെത്തി, സഞ്ജുവും ടീമില്‍

മുംബൈ: ഏഷ്യാ കപ്പിനുള്ള 17 അംഗ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ ക്യാപ്റ്റനാകുന്ന ടീമില്‍ പരിക്കു മൂലം പുറത്തായിരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുലും മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യരും തിരിച്ചെത്തി. രാഹുല്‍ വിക്കറ്റ് കീപ്പറായി തിരിച്ചെത്തിയപ്പോള്‍ മലയാളി താരം സഞ്ജു സാംസണെ 17 അംഗ ടീമില്‍ ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്തി. ഇഷാന്‍ കിഷന്‍ രണ്ടാം വിക്കറ്റ് കീപ്പറായി സ്ഥാനം നിലനിര്‍ത്തി. വിന്‍ഡീസില്‍ നിരാശപ്പെടുത്തിയ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും ഏഷ്യാ കപ്പ് ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ യശസ്വി ജയ്‌സ്വാള്‍ പുറത്തായി. 

യുവതാരം തിലക് വര്‍മ ഏഷ്യാ കപ്പ് ടീമിലിടം നേടിയപ്പോള്‍ സൂര്യകുമാര്‍ യാദവും സ്ഥാനം നിലനിര്‍ത്തി. പരിക്കിനെ തുടര്‍ന്ന് ഒരു വര്‍ഷം പുറത്തായിരുന്ന പേസര്‍ ജസ്പ്രീത് ബുമ്ര ഏകദിന ടീമില്‍ തിരിച്ചെത്തിയപ്പോള്‍ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും പേസര്‍മാരായി മടങ്ങിയെത്തി. വിന്‍ഡീസില്‍ തിളങ്ങിയ മുകേഷ് കുമാര്‍ പുറത്തായപ്പോള്‍ അയര്‍ലന്‍ഡിനെതിരെ തിളങ്ങിയ പ്രസിദ്ധ് കൃഷ്ണ നാലാം പേസറായി ടീമിലെത്തി.സ്പിന്നര്‍മാരായി അക്സര്‍ പട്ടേലും കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ യുസ്‌വേന്ദ്ര ചാഹല്‍ വീണ്ടും പുറത്തായി.ഈ മാസം 30ന് പാക്കിസ്ഥാന്‍-നേപ്പാള്‍ മത്സരത്തോടെ തുടങ്ങുന്ന ഏഷ്യാ കപ്പില്‍ സെപ്റ്റംബര്‍ രണ്ടിന് പാക്കിസ്ഥാനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. ശ്രീലങ്കയിലെ കാന്‍ഡിയാണ് ഇന്ത്യ-പാക് മത്സരത്തിന് വേദിയാവുക. ഒക്ടോബര്‍ അഞ്ചിന് മുമ്പ് തുടങ്ങുന്ന ഏകദിന ലോകകപ്പിനു മുമ്പ് ഇന്ത്യക്ക് ടീം ഒരുക്കാന്‍ ലഭിക്കുന്ന അവസാന അവസരമാണ് ഏഷ്യാ കപ്പ്.

ഇന്ത്യന്‍ ടീം: രോഹിത് ശർമ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുൽദീപ് കൃഷ്ണ, കുൽദീപ് യാദവ്.