ശിവഗിരി : ശ്രീനാരായണ ഗുരുദേവന്‍റെ 169-ാമത് ജയന്തി ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വ്യാഴാഴ്ചയാണ് ചതയദിനം. പുലര്‍ച്ചെ 4.30 ന് ശാന്തിഹവനം, വിശേഷാല്‍ പൂജ, വിശേഷാല്‍ ഗുരുപൂജ, ഗുരുദേവ കൃതികളുടെ പാരായണം, ജപയജ്ഞവും തുടര്‍ന്ന് 7.30ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി ധര്‍മ്മപതാക ഉയര്‍ത്തും. 9.30ന് സച്ചിദാനന്ദ സ്വാമിയുടെ അധ്യക്ഷതയില്‍ പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യും. ജയന്തി സന്ദേശവും സച്ചിദാനന്ദ സ്വാമി നല്‍കും. ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതം ആശംസിക്കും. അടൂര്‍പ്രകാശ് എം.പി., അഡ്വ. വി.ജോയി എം.എല്‍.എ., മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം. ലാജി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സ്മിതാ സുന്ദരേശന്‍ എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തും. സച്ചിദാനന്ദ സ്വാമി രചിച്ച ശ്രീശാരദാമഠം ചരിത്രം കെ.ജി. ബാബുരാജിന് നല്‍കി ഗോകുലം ഗോപാലന്‍ പ്രകാശനം ചെയ്യും. ധര്‍മ്മസംഘം ട്രഷറര്‍, സ്വാമി ശാരദാനന്ദ, ജപയജ്ഞം ഉദ്ഘാടനം ചെയ്യും. മുന്‍ എം.എല്‍.എ. വര്‍ക്കല കഹാര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ രാഖി, ജി.ഡി.പി.എസ്. രജിസ്ട്രാര്‍ അഡ്വ. പി.എം. മധു, മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കെ. സൂര്യപ്രകാശ് എസ്.എന്‍.ഡി.പി.യോഗം ശിവഗിരി യൂണിയന്‍ സെക്രട്ടറി, അജി എസ്.ആര്‍.എം. ആഘോഷകമ്മിറ്റി സെക്രട്ടറി സ്വാമി ബോധിതീര്‍ത്ഥ എന്നിവര്‍ പ്രസംഗിക്കും.
ജയന്തിഘോഷയാത്രയ്ക്ക് മുന്നോടിയായി വിളംബര ഘോഷയാത്ര 3 മണിക്ക് മഹാസമാധിയില്‍ നിന്നും തിരിക്കും. തുരപ്പിന്‍മുഖം, റെയില്‍വേ സ്റ്റേഷന്‍, മൈതാനം, ആയൂര്‍വേദാശുപത്രി ജംഗ്ഷന്‍, പുത്തന്‍ചന്ത, കിടാവത്തുവിള, പാലച്ചിറ, വട്ടപ്ലാംമൂട്, എസ്.എന്‍.കോളേജ് ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തും.
വൈകിട്ട് 4.30നാണ് ജയന്തി ഘോഷയാത്ര മഹാസമാധിയില്‍ നിന്നും പുറപ്പെടുക. ഗുരുദേവറിക്ഷ ഘോഷയാത്രയില്‍ എഴുന്നള്ളിക്കും. അകമ്പടിയായി വിവിധ വാദ്യമേളങ്ങള്‍, കലാരൂപങ്ങള്‍ എന്നിവ ഉണ്ടാകും. ശിവഗിരി കുന്നുകളും വര്‍ക്കലയുടെ എല്ലാ വീഥികളും ജയന്തിയെ വരവേറ്റു കൊണ്ട് വൈദ്യുത ദീപാലങ്കാരങ്ങളാല്‍ നയന മനോഹരമായി.