പ്രായപൂർത്തിയാകാത്ത മകൻ സ്കൂട്ടർ ഓടിച്ചു: വടകരയില്‍ അമ്മയ്ക്ക് പിഴയും തടവും ശിക്ഷ

വടകര: പ്രായപൂർത്തിയാകാത്ത മകന് സ്കൂട്ടർ ഓടിക്കാൻ നൽകിയ മാതാവിന് പിഴയും തടവും ശിക്ഷ വിധിച്ച് കോടതി. വടകര മടപ്പള്ളി കോളേജ് കരിയാട് മീത്തൽ സ്വദേശി രമ്യ(40)യെയാണ് വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. 30200 രൂപ പിഴയും കോടതി പിരിയും വരെ തടവുമാണ് ശിക്ഷിച്ചത്. ചോമ്പാല പൊലീസ് രജിസ്‌റ്റർ ചെയ്ത കേസിലാണ് ശിക്ഷ. വാഹന രജിസ്‌ട്രേഷൻ ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.ലൈസൻസില്ലാതെ വിദ്യാർഥികൾ വാഹനം ഓടിച്ച് അപകടം വരുത്തുന്നത് വർധിക്കുന്ന സാഹചര്യത്തിലാണ് പൊലീസ് കേസെടുത്തത്. പ്രായപൂർത്തിയാകാത്ത മകൻ ബൈക്കോടിച്ച സംഭവത്തിൽ കഴിഞ്ഞ ദിവസം പിതാവിന് പിഴയും തടവും കോടതി ശിക്ഷ വിധിച്ചിരുന്നു. അഴിയൂർ കല്ലേരി വീട്ടിൽ ഫൈസലി (45) നെയാണ് ശനിയാഴ്‌ച വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട്‌ കോടതി ശിക്ഷിച്ചത്. 30200 രൂപയായിരുന്നു പിഴ. ഒരു വർഷത്തേക്ക് വാഹനത്തിന്റെ രജിസ്‌ട്രേഷനും റദ്ദാക്കിയിരുന്നു.ജൂലൈ മാസത്തില്‍ ആലുവയില്‍ 17 വയസുകാരന്‍ നമ്പര്‍ പ്ലേറ്റില്ലാത്ത സൂപ്പര്‍ ബൈക്ക് ഓടിച്ച സംഭവത്തില്‍ വാഹന ഉടമയായ സഹോദരന് കോടതി 34,000 രൂപ പിഴ ചുമത്തിയിരുന്നു. ആലുവ സ്വദേശിക്കാണ് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‍ട്രേറ്റ് ശിക്ഷ വിധിച്ചത്. പ്രായപൂര്‍ത്തിയാവാത്ത ആളിനെ വാഹനം ഓടിക്കാന്‍ അനുവദിച്ചതിന് 30,000 രൂപയും, നമ്പര്‍ പ്ലേറ്റ് ഇല്ലാത്തതിന് 2000 രൂപയും, പിന്‍വശം കാണാനുള്ള ഗ്ലാസും ഇന്റിക്കേറ്ററുംഇല്ലാത്തതിന് 500 രൂപ വീതവും അനുബന്ധ സുരക്ഷാ ഉപകരണങ്ങള്‍ ഇളക്കി മാറ്റിയതിന് 1000 രൂപയുമാണ് പിഴയിട്ടത്. കോടതി പിരിയുന്നത് വരെ വെറും തടവിനും വാഹന ഉടമയെ ശിക്ഷിച്ചു.