തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയതിൽ ഹര്‍ജിക്കാരൻ ആര്‍ എസ് ശശികുമാര്‍ നൽകിയ ഇടക്കാല ഹര്‍ജി ലോകായുക്ത തള്ളി. ഹർജിക്കാരൻ വായിൽ തോന്നിയത് വിളിച്ചു പറഞ്ഞ് നടക്കുകയാണെന്ന് ലോകായുക്ത വിമർശിച്ചു. തുടർന്ന് ദുരിതാശ്വാസ നിധി കേസ് മൂന്നംഗ ബഞ്ച് വിധി പറയാൻ മാറ്റി.മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ചട്ടങ്ങള്‍ ലംഘിച്ച് പണം വകമാറ്റിയെന്ന കേസ് പരിഗണിക്കുന്നതിനിടെ രൂക്ഷമായ വാദപ്രതിവാദങ്ങളാണ് നടന്നത്. രണ്ടംഗ ബഞ്ചിൽ ഭിന്നാഭിപ്രയമുണ്ടായപ്പോഴാണ് കേസ് മൂന്നംഗ ബഞ്ചിന് വിട്ടത്. ഹർജി ലോകായുക്തയിൽ നിലനിൽക്കുമോയെന്ന് വീണ്ടും പരിശോധിക്കാനുള്ള മൂന്നംഗ ബഞ്ചിന്റെ തീരുമാനത്തിൽ വ്യക്തത തേടി ഹർജിക്കാരൻ നൽകിയ ഇടക്കാല ഹർജിയാണ് ലോകായുക്ത തള്ളിയത്.ഹര്‍ജിക്കാരനും അഭിഭാഷകനും എതിരെ ലോകായുക്ത രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. രണ്ടംഗ വിധിയിൽ തന്നെ കാര്യങ്ങൾ വ്യക്തമാണെന്നിരിക്കെ ഹര്‍ജിക്കാരന്‍റെ നീക്കം കുത്തിത്തിരിപ്പ് ലക്ഷ്യമിട്ടാണ്. ഇത് കോടതിയുടെ സമയം അപഹരിക്കലാണ്. ലോകായുക്ത നിയമം അറിയില്ലെങ്കിൽ പോയി നിയമം പഠിച്ച് വരണമെന്ന് അഭിഭാഷകനും വിമര്‍ശനം കേട്ടു. കോടതിയെ പോലും മോശമാക്കുന്ന രീതിയിലാണ് അഭിഭാഷകന്‍റെ വാദം. 28 വർഷത്തെ ന്യായാധിപ ജീവിത്തിനിടെ ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ലെന്ന് ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി ജോസഫും വിമർശിച്ചു. ഭരിക്കുന്ന മുന്നണിയിലെ നേതാക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും പണം നൽകിയത് സ്വജനപക്ഷമായി കണ്ടുകൂടേയെന്ന് ലോകായുക്ത വാദത്തിനിടെ ചോദിച്ചു. മന്ത്രിസഭക്കുള്ള അധികാരമാണതെന്നും മന്ത്രിസഭാ തീരുമാനങ്ങള്‍ കൂട്ടായി എടുക്കുന്നതായതിനാൽ ലോകായുക്ത പരിധിയിൽ ഈ ഹർജി വരില്ലെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ വാദിച്ചു. വാദങ്ങള്‍ക്ക് ശേഷം ഉത്തരവിനായി ഹർജി മൂന്നംഗ ബഞ്ച് മാറ്റി.