കാർമേഘങ്ങളും മഴയുമില്ലാതെ വാനം തെളിഞ്ഞാൽ ഇന്ന് അർദ്ധരാത്രി മുതൽ ആകാശത്ത് മനോഹരമായ ഉൽക്കവർഷം കാണാം. വർഷംതോറും പെയ്തിറങ്ങുന്ന പേഴ്‌സ്യുഡ് ഉൽക്കകൾ നാളെ പുലർച്ചെവരെ ദൃശ്യമാകും. ആകാശത്ത് പേഴ്സ്യൂഡ് നക്ഷത്രസമൂഹം നിലകൊള്ളുന്ന ദിശയിൽനിന്ന് വരുന്ന ഉൽക്കകളായതിനാലാണ് ഈ പേര്. ചന്ദ്രനില്ലാതെ വരുന്ന ന്യൂ മൂൺ സമയത്താണ് ഇത് സാധ്യമാകുന്നത്. വർഷത്തിലൊരിക്കൽ സംഭവിക്കുന്ന പ്രതിഭാസമാണിത്.
ഇന്ന് അർദ്ധരാത്രി ആകാശത്തിന്റെ വടക്കുകിഴക്ക് ഭാഗത്ത് ഈ നക്ഷത്രഗണം ഉദിക്കും. പുലരുംവരെ ഉൽക്കമഴ നഗ്നനേത്രംകൊണ്ട് കാണാൻ കഴിയും. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിവരെയാണ് ഈ ദൃശ്യവിരുന്ന് കാണാനാകുക. ഏറ്റവും നന്നായി ഉൽക്കമഴ കാണാൻ സാധിക്കുന്ന പ്രദേശങ്ങളിലൊന്നാണ് ഇന്ത്യ എന്നാണ് നാസയുടെ റിപ്പോർട്ടിൽ പറയുന്നത്. സെക്കന്റിൽ 60 കിലോമീറ്റർ വേഗതയിലാണ് ഉൽക്കകൾ പായുന്നത്. അതിനാൽ ഒന്ന് കണ്ണുചിമ്മി തുറക്കും മുൻപേ ഉൽക്കകൾ ആകാശത്തുനിന്ന് അപ്രത്യക്ഷമാകും.
സൗരയൂഥത്തിലൂടെ 130 വർഷം കൂടുമ്പോൾ കടന്നുപോകുന്ന സ്വിഫ്റ്റ് - ടട്ടിൽ എന്ന ഭീമൻ വാൽനക്ഷത്രത്തിൽ നിന്ന് പൊടിപടലങ്ങളും ഹിമകണങ്ങളുമെല്ലാം തെറിച്ചുവീഴും. ഇത് സൗരയൂഥത്തിൽ തങ്ങിനിൽക്കുകയും വർഷത്തിലൊരിക്കൽ ഭൂമിയുടെ അന്തരീക്ഷം ഈ അവശിഷ്ടങ്ങൾക്കിടയിലൂടെ കടന്നുപോകുമ്പോൾ ഈ പ്രതിഭാസമുണ്ടാകുകയും ചെയ്യും. ഒരു നെൽക്കതിർ പോലെയാണ് പേഴ്സ്യൂസ് നക്ഷത്രഗണം ആകാശത്ത് കാണപ്പെടുന്നത്. എല്ലാവർഷവും ജൂലായ് 17നും ഓഗസ്റ്റ് 24നും ഇടയിലാണ് ഈ പ്രതിഭാസമുണ്ടാവുക.