തിരുവനന്തപുരം: വീട്ടിലെ കുളിമുറിയില്‍ കയറിയ കൂരമാനിനെ വനംവകുപ്പ് പിടികൂടി. കുറ്റിച്ചല്‍ അരുകില്‍ നിസാമിന്റെ നാസിയ മന്‍സിലില്‍ നിന്നാണ് വനംവകുപ്പ് പരുതിപ്പള്ളി സെക്ഷന്‍ ഓഫീസര്‍ എംകെ ബിന്ദുവിന്റെ നേതൃത്വത്തില്‍ വാച്ചര്‍ രാഹുല്‍, ശരത്, നിഷാദ്, സുഭാഷ് എന്നിവര്‍ ചേര്‍ന്നാണ് കൂരമാനിനെ കൂട്ടിലാക്കിയത്. പിടികൂടാനുള്ള ശ്രമത്തിനിടെ സെക്ഷന്‍ ഓഫീസര്‍ ബിന്ദു, ശരത് എന്നിവര്‍ക്ക് കൂരമാനിന്റെ നഖം കൊണ്ട് കൈക്ക് സാരമായ പരുക്കേല്‍ക്കുകയും ചെയ്തു.കൂരമാനിനെ വനംവകുപ്പ് ആസ്ഥാനത്തേക്ക് മാറ്റിയ ശേഷം ഇവര്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. പിടികൂടിയ മാനിനെ ഒരു ദിവസത്തെ നിരീക്ഷണത്തിന് ശേഷം ഉള്‍ക്കാട്ടില്‍ തുറന്ന് വിടുമെന്ന് വനംവകുപ്പ് അറിയിച്ചു. ഉഷ്ണമേഖലാ വനങ്ങളില്‍ പാറകള്‍ക്ക് ഇടയില്‍ ജീവിക്കുന്നതാണ് കൂരമാന്‍. ഇവയുടെ മുഖത്തിന് എലിയുടെ രൂപമാണ്. എലിയെ പോലെ സഞ്ചരിക്കുന്നതിനാല്‍ മൗസ് ഡീര്‍ എന്ന പേരിലും ഇവ അറിയപ്പെടുന്നു.