കൊച്ചിയിലെ ഹോട്ടൽ മുറിയിൽ യുവതി കുത്തേറ്റു മരിച്ചു; സുഹൃത്ത് അറസ്റ്റിൽ

കൊച്ചി: നഗരത്തിലെ ഹോട്ടൽ മുറിയിൽ യുവതി കുത്തേറ്റു മരിച്ചു. ചങ്ങനാശേരി സ്വദേശിനി രേഷ്മ(27) ആണു സുഹൃത്തിന്റെ കുത്തേറ്റു മരിച്ചതെന്നു പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി 10നു കലൂർ പൊറ്റക്കുഴി ഭാഗത്തെ ഹോട്ടലിലാണു സംഭവം.

ഹോട്ടലിലെ കെയർടേക്കറായ കോഴിക്കോട് ബാലുശേരി സ്വദേശി നൗഷിദിനെ (31) എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. രാത്രി ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായെന്നും അതിനിടയിൽ നൗഷിദ് യുവതിയുടെ കഴുത്തിൽ കത്തികൊണ്ടു കുത്തിയെന്നും പൊലീസ് പറയുന്നു. കരച്ചിൽ കേട്ട് അടുത്തുള്ളവർ പൊലീസിനെ അറിയിച്ചു. പൊലീസ് എത്തുമ്പോൾ യുവതി മരിച്ചിരുന്നു.

രേഷ്മ ഇവിടെ എത്തിയത് എന്നാണെന്ന കാര്യത്തിൽ പരസ്പര വിരുദ്ധമായ വിവരങ്ങളാണു നൗഷിദ് നൽകുന്നതെന്നു പൊലീസ് പറയുന്നു. മൂന്നു വർഷമായി രേഷ്മയെ സമൂഹമാധ്യമം വഴി പരിചയമുണ്ടെന്നും ഇയാൾ പൊലീസിനോടു പറഞ്ഞു. രേഷ്മയുടെ മൃതദേഹം രാത്രി തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി