മടവൂർ റേഡിയോ ജോക്കി രാജേഷ് കൊലപാതക കേസിൽ വിധി ഇന്ന്

മടവൂർ...സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച റേഡിയോ ജോക്കി രാജേഷ് കൊലപാതക കേസിൽ ഇന്ന് വിധി പറയുകയാണ്. പൊലീസ് അറസ്റ്റ് ചെയ്ത പതിനൊന്നു പ്രതികളിൽ രണ്ടും മൂന്നും പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇപ്പോഴും ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്യാൻ കഴിയാത്ത പോലീസിന് ഒൻപത് പ്രതികളെ കോടതി വെറുതെ വിട്ടതും തിരിച്ചടി ആയിരുന്നു. വിദേശത്ത് വെച്ച് ക്വട്ടേഷന് നൽകിയ കേസിന്റെ നാൾ വഴികളെ കുറിച്ച്  റിപ്പോർട്ട് കാണാം.സംസ്ഥാനം അന്ന് അതുവരെ കണ്ടിട്ടില്ലാത്ത കൊലപാതകം. വിദേശത്ത് ക്വട്ടേഷൻ നാട്ടിൽ ആരുംകൊല. റേഡിയോ ജോക്കി രാജേഷ് കൊലപാതക കേസ് അന്വേഷണത്തിന്റെ ഓരോ ഘട്ടവും നിർണ്ണായകമായിരുന്നു. 2018 മാർച്ച് 27 പുലർച്ചേ, കിളിമാനൂർ മടവൂരിലെ  റെക്കോഡിംഗ് സ്റ്റുഡിയോയിൽ ഒരു സ്ത്രീയുമായി വീഡിയോ കാളിലായിരുന്നു റേഡിയോ ജോക്കി രാജേഷ് തൊട്ടടുത്ത നിമിഷം താൻ കൊല്ലപ്പെടുമെന്ന് കരുതി കാണില്ല.രാജേഷിന് ഒപ്പം സുഹൃത്തും സഹപ്രവർത്തകനുമായ കുട്ടനും സ്റ്റുഡിയോയിൽ ഉണ്ടായിരുന്നു. സ്റ്റുഡിയോയിലേക്ക് കടന്നു വന്ന മൂന്നംഗ കൊലപാതക സംഘം ആദ്യം കുട്ടനെ വെട്ടി. വെട്ടേറ്റ കുട്ടൻ ഭയന്നോടുന്നു.പിന്നാലെ സംഘം രാജേഷിനെ വെട്ടി കൊലപ്പെടുത്തുന്നു. തുടർന്ന് സംഘം കാറിൽ രക്ഷപെടുന്നു.

വീഡിയോ കാളിനിടെ നിലവിളി കേട്ട യുവതിയാണ് വിവരം രാജേഷിന്റെ സുഹൃത്തുക്കളെ അറിയിക്കുന്നത്. അവർ എത്തുമ്പോൾ കാണുന്നത് രക്തത്തിൽ കുളിച്ച് കിടക്കുന്ന രാജേഷിനെയാണ്. റേഡിയോ ജോക്കി രാജേഷ് കൊലപാതക കേസിന്റെ അന്വേഷണം അവിടെ തുടങ്ങുന്നു. ആരാണ്, എന്തിനാണ് രാജേഷിനെ കൊലപ്പെടുത്തിയത്. അവർ എങ്ങോട്ടാണ് പോയത്?

പൊലീസിന്റെ അന്വേഷണം തുടങ്ങിയത് കൊലപാതക സമയത്ത് വിഡിയോ കോളിൽ ഉണ്ടായിരുന്ന സ്ത്രീയിൽ നിന്നായിരുന്നു. ഖത്തറിൽ താമസിക്കുന്ന ഒരു മലയാളി യുവതിയായിരുന്നു വീഡിയോ കാളിലെന്ന് പൊലീസ് കണ്ടെത്തുന്നു. ഖത്തർ വ്യവസായിയും കൊല്ലം ഓച്ചിറ സ്വദേശിയുമായ അബ്ദുൽ സത്താറിന്റെ ഭാര്യയായിരുന്നു അത്.കൊലപാതകത്തെ കുറിച്ചും ആസൂത്രണത്തെക്കുറിച്ചും ഉള്ള പ്രധാന വിവരങ്ങൾ പൊലീസ് കണ്ടെത്തുന്നത് അവിടെ നിന്നാണ്. അതിനിടെ പ്രതികളുടെ ഭാഗത്തു നിന്നുണ്ടായ ഒരു അബദ്ധവും പോലീസിന് കൂടുതൽ സഹായമായി. കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട പ്രതികളുടെ കാർ മോട്ടോർ വാഹന വകുപ്പിന്റെ കായംകുളത്തെ ക്യാമറയിൽ പതിയുന്നു. ആദ്യം വാഹനം പിന്നാലെ വാഹന ഉടമ. ഒടുവിൽ പ്രതികളിലേക്കുള്ള നിർണ്ണായക വഴി.അബ്ദുൽ സത്തറിന്റെ ഭാര്യയെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പൊലീസിന്റെ കണ്ടെത്തൽ ഇങ്ങനെയായിരുന്നു.റേഡിയോ ജോക്കി രാജേഷും അബ്ദുൽ സത്താറിന്റെ ഭാര്യയും അടുപ്പത്തിലായിരുന്നു. രാജേഷ് ഖത്തറിൽ ഉണ്ടായിരുന്നപ്പോൾ തുടങ്ങിയ അടുപ്പം. അത് സത്താറിന്റെ ജീവിതത്തെയും ബിസിനസിനെയും ഒക്കെ സാരമായി ബാധിച്ചിരുന്നു. രാജേഷിനെ കൊല്ലണം എന്ന് തീരുമാനിക്കാൻ കാരണം അതാണ്. കൊലപ്പെടുത്താൻ ഉറപ്പിച്ച സത്താർ ഖത്തറിൽ തന്നെയുള്ള ആത്മാർത്ഥ സുഹൃത്തായ അലിബായ് എന്ന മുഹമ്മദ് സ്വാലിഹിന് ക്വട്ടേഷൻ നൽകുന്നു.ഗുഢാലോചനയും ഖത്തറിൽ തന്നെ.

ഖത്തറിൽ പദ്ധതിയിട്ട ശേഷം രാജേഷിനെ നിരീക്ഷിക്കാൻ നാട്ടിലും ആളെ ഏർപ്പാടാക്കുന്നു. കായംകുളത്തെ കൊട്ടേഷൻ സംഘത്തിൻറെ നേതാവ് അപ്പുണ്ണിയായിരുന്നു രാജേഷിന്റെ ഓരോ നീക്കങ്ങളും നിരീക്ഷിച്ചത്. കൊലപാതകത്തിന് വേണ്ട കാര്യങ്ങൾ ചർച്ചചെയ്യാൻ ഇവർ മൂന്നുപേരും അടങ്ങുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ് തുടങ്ങി. അതിലൂടെയായിരുന്നു ഓരോ നീക്കങ്ങളും. സാത്താൻ ചങ്ക്‌സ് എന്നായിരുന്നു ഗ്രൂപ്പിൻറെ പേര്. ഒടുവിൽ ഖത്തറിൽ നിന്ന് അലിഭായി സംസ്ഥാനത്ത് എത്തി. രണ്ടുദിവസം രാജേഷിനെ സംഘം സൂക്ഷ്മമായി നിരീക്ഷിച്ചു. മൂന്നാം ദിവസം പുലർച്ചയാണ് കൊലപാതകം നടത്തിയത്.

അതിവിദഗ്ധമായി നാട്ടിലെത്തി കൊലപാതകം നടത്തി അലിഭായി തിരിച്ച് ഖത്തറിലേക്ക് തന്നെ മടങ്ങി. അപ്പുണ്ണി ചെന്നൈയിലേക്കും മുങ്ങി. പോലീസിന് വലിയ തലവേദന. പിന്നീടങ്ങോട്ട് പ്രതികളെ പിടികൂടാൻ പോലീസിന്റെ കഠിനപ്രയത്‌നം ആയിരുന്നു. ഖത്തറിലേക്ക് കടന്ന് അലിഭായി എന്ന മുഹമ്മദ് സാലിഹിനെ ഇൻറർപോളിലും എംബസിയിലും ഉൾപ്പെടെ സമ്മർദ്ദം ചെലുത്തി നാട്ടിലെത്തിച്ചു.തുടർന്ന് അലിഭായുടെ അറസ്റ്റും രേഖപ്പെടുത്തി.തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയിലായിരുന്നു വിചാരണ. പ്രോസിക്യൂട്ടർ മാറിയതിനെ തുടർന്നു വീണ്ടും വിചാരണ നടത്തിയതും,മുഖ്യ സാക്ഷി കുട്ടൻ മൊഴി മാറ്റിയതും തിരിച്ചടിയായിരുന്നു. ഒടുവിൽ കോടതി രണ്ടാം പ്രതി മുഹമ്മദ് സാലിഹിനെയും മൂന്നാം പ്രതി അപ്പുണ്ണിയെയും കുറ്റക്കാരെന്നു കണ്ടെത്തി.ഒൻപതു പ്രതികളെ വെറുതെ വിട്ടതും പ്രോസിക്യൂഷന് നാണക്കേടാണ്.

ശിക്ഷ വിധിക്കുമ്പോഴും റേഡിയോ ജോക്കി കൊലപാതക കേസിലെ ഒന്നാം പ്രതി അബ്ദുൽ സത്താർ കാണമറയത്താണ്. കേരള പോലീസിന് ഒരിക്കലും മാറാത്ത നാണക്കേടായി അത് തുടരും. ഇനി എന്നെങ്കിൽ അബ്ദുൽ സത്താറിനെ പിടികൂടാൻ കഴിയുമോ എന്നതാണ് ചോദ്യം.