എസ് എസ് എഫ് മുപ്പതാമത് കേരള സാഹിത്യോത്സവിനോടനുബന്ധിച്ച് നടക്കുന്ന ഐ പി ബി പുസ്തകലോകം തുറമുഖ വകുപ്പ് മന്ത്രി അഹ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. സയ്യിദ് ശാമിൽ ഇർഫാനി അധ്യക്ഷത വഹിച്ചു. വായനയാണ് മനുഷ്യൻ എന്ന ആശയത്തെ നിർമ്മിക്കുന്നതെന്നും അറിവന്വേഷണങ്ങളുടെ വലിയ നിധിശേഖരങ്ങൾ വായന തുറന്ന് തരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കലയും സാഹിത്യവും വ്യക്തിയിൽ നിർവഹിക്കുന്ന പ്രധാന ധർമ്മം മറ്റുള്ളവരുടെ പ്രയാസങ്ങൾ ഉൾക്കൊള്ളാനുള്ള മാനസികാവസ്ഥ രൂപപ്പെടുത്തുക എന്നതാണ്, വളർന്നുവരുന്ന തലമുറയെ അങ്ങനെ പരുവപ്പെടുത്തുന്നതിൽ എസ് എസ് എഫ് ബോധപൂർവ്വമായ ചില ശ്രമങ്ങൾ നടത്തുന്നു എന്നത് ഏറെ സന്തോഷം നൽകുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡി സി ബുക്ക്സ്, മാതൃഭൂമി, ഒലിവ് തുടങ്ങി പതിനാലോളം പ്രസാധകരുടെ പുസ്തകങ്ങൾ നഗരിയിൽ ലഭ്യമാവും. 20 മുതൽ 50 ശതമാനം വരെ കിഴിവിലാണ് പുസ്തകങ്ങൾ വിൽക്കപ്പെടുന്നത്. വായനാ പ്രേമികൾക്ക് കുറഞ്ഞ വിലയിൽ പുസ്തകങ്ങൾ ലഭ്യമാക്കാനുള്ള മികച്ച അവസരമാണ് പുസ്തകലോകം തുറന്ന് വെക്കുന്നത്. ആഗസ്ത് പതിമൂന്നിന് അവസാനിക്കും.