സന്തോഷവാര്‍ത്ത; ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുതിയ നാല് സര്‍വീസുകളുമായി എയര്‍ഇന്ത്യ

ദോഹ: ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് നാല് പുതിയ സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രഖ്യാപിച്ചു. ശൈത്യകാല ഷെഡ്യൂളിലാണ് ഖത്തറില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് നാല് പുതിയ നോണ്‍ സ്റ്റോപ്പ് സര്‍വീസ് ഉള്‍പ്പെടുത്തിയത്. ഖത്തര്‍ എയര്‍വേയ്സ്, ഇന്‍ഡിഗോ, എയര്‍ഇന്ത്യ എക്സ്പ്രസ് എന്നീ വിമാനങ്ങളാണ് ഇപ്പോള്‍ ഖത്തറില്‍ നിന്ന് കേരളത്തിലേയ്ക്ക് നേരിട്ട് സര്‍വീസ് നടത്തുന്നത്.

ഖത്തര്‍ എയര്‍വേയ്സിന് താരതമ്യേന നിരക്ക് കൂടുതലായതിനാല്‍ എയര്‍ഇന്ത്യ എക്സ്പ്രസ് കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചത് പ്രവാസികള്‍ക്ക് ആശ്വാസമാകും. ഒക്ടോബര്‍ 29 മുതലാണ് സര്‍വീസ് ആരംഭിക്കുക. ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലാണ് സര്‍വീസ്. ചൊവ്വ, വ്യാഴം,വെള്ളി, ഞായര്‍ ദിവസങ്ങളില്‍ തിരുവനന്തപുരത്ത് നിന്ന് ദോഹയിലേക്കും സര്‍വീസുണ്ടാകും.

ദോഹയില്‍ നിന്ന് കേരളത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ കുറവാണ്. കണക്ഷന്‍ ഫ്ലൈറ്റുകളില്‍ ഏഴ് മണിക്കൂറിലധികം യാത്രയ്ക്കായി ചെലവഴിക്കേണ്ടി വരും. ദോഹയില്‍ നിന്ന് നാല് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ കുറഞ്ഞ സമയത്തിനുളളില്‍ പ്രവാസികള്‍ക്ക് നാട്ടിലെത്താം.