മതനിരപേക്ഷ മനസ്സാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തെ വ്യത്യസ്തമാക്കുന്നതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഈ മതനിരപേക്ഷതയുടെ കണ്ണാടിയാണ് ഓണാഘോഷം. വിദേശ വിനോദസഞ്ചാരികൾ വലിയതോതിൽ കേരളത്തിൽ എത്തുന്നതിനു കാരണം നമ്മൾ ഉയർത്തിപ്പിടിക്കുന്ന ഈ മാനവിക മൂല്യങ്ങളാണെന്നും മന്ത്രി പറഞ്ഞു. നെടുമങ്ങാട് ഓണോത്സവം 2023 ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നെടുമങ്ങാട് എം.എൽ.എ കൂടിയായ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അധ്യക്ഷനായ ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി മുഖ്യാതിഥിയായി. സിനിമാതാരങ്ങളായ നിവിൻ പോളി, വിനയ് ഫോർട്ട്, ആർഷ ബൈജു എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി.
ആഗസ്റ്റ് 25ന് ആയിരങ്ങളെ അണിനിരത്തി വിളംബര ഘോഷയാത്രയോടെ ആരംഭിച്ച നെടുമങ്ങാടിന്റെ നാട്ടുത്സവം സെപ്റ്റംബർ ഒന്നിന് കൊടിയിറങ്ങും. നെടുമങ്ങാട് കല്ലിങ്കൽ ഗ്രൗണ്ടിൽ നടന്ന സമ്മേളനത്തിൽ നെടുമങ്ങാട് മുൻസിപ്പാലിറ്റി ചെയർപേർസൺ സി.എസ് ശ്രീജ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ഹരികേശൻ നായർ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.
@nivinpaulyactor @vinayforrt @advgranil