ഗുരുദേവന്‍ ആദ്ധ്യാത്മിക ദര്‍ശനത്തിന് ആധുനിക ഭാഷ്യം ചമച്ചു - സച്ചിദാനന്ദ സ്വാമി

ശിവഗിരി : ശ്രീനാരായണ ഗുരുദേവന്‍ പ്രാചീനമായ ആദ്ധ്യാത്മിക ദര്‍ശനത്തിന് ആധുനിക ഭാഷ്യം ചമച്ച മഹാപുരുഷനാണെന്ന് ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദസ്വാമി പറഞ്ഞു. ശിവഗിരിയില്‍ പ്രതിമാസ ചതയ വ്രതാനുഷ്ഠാനത്തിന്‍റെ ഭാഗമായി നടന്ന സത്സംഗത്തില്‍ ആത്മീയപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. ഗുരുവിനെ ശാസ്ത്രയുഗത്തിന്‍റെ ഋഷിവര്യന്‍ എന്നാണ് അദിജ്ഞന്‍മാര്‍ വിലയിരുത്തുന്നത്. ഗുരുദേവന്‍റെ നേതൃത്വത്തില്‍ എണ്‍പതോളം ക്ഷേത്രപ്രതിഷ്ഠകള്‍ നടന്നു. ശിവന്‍, സുബ്രഹ്മണ്യന്‍, ഗണപതി തുടങ്ങിയ ശൈശവപരമായ മൂര്‍ത്തികളെയാണ് ഗുരു പ്രതിഷ്ഠിച്ചത്. ഇവിടെയെല്ലാം ഗുരുദേവന്‍റെ ആത്മചൈതന്യത്തെ യാണ് ജീവചൈതന്യമായി പ്രതിഷ്ഠാപിതമായിരിക്കുന്നത്.
ഒരു ഭക്തനെ സംബന്ധിച്ച് ദൈവത്തിന്‍റെ പ്രത്യക്ഷ സ്വരൂപമാണ് പ്രതിഷ്ഠാമൂര്‍ത്തികള്‍. ഈ മൂര്‍ത്തികളെ ആരാധിച്ച് മനമലരും വനമലരും കൊയ്ത് മായ മാറി ഈശ്വരനെ പ്രാപിക്കാമെന്ന് ഗുരുദേവന്‍ ആത്മോപദേശശതകത്തില്‍ പറയുന്നുണ്ട്. ഗുരുദര്‍ശനത്തെ ശാസ്ത്രീയമായും യുക്തിഭദ്രമായും പഠിച്ചാല്‍ ദേവീദേവ മൂര്‍ത്തികളേയും അതുവഴിയുള്ള ഈശ്വരാരാധനയേയും ശരിയായി പഠിക്കാന്‍ കഴിയും. ചതയപൂജയുടെ ഭാഗമായി ശാന്തിഹോമം, വിശേഷാല്‍ ഗുരുപൂജ, ശ്രീനാരായണദിവ്യസത്സംഗം, അന്നദാനം എന്നീ ചടങ്ങുകളും നടന്നു. ചിങ്ങം 1 മുതല്‍ കന്നി 9 വരെ ശ്രീനാരായണ മാസാചരണവും ധര്‍മ്മചര്യായജ്ഞവും പ്രഭാഷണങ്ങളും ഗുരുധര്‍മ്മ പ്രചരണാര്‍ത്ഥം ദേശമൊട്ടാകെ നടത്തുമെന്നും സച്ചിദാനന്ദ സ്വാമി അറിയിച്ചു.