മറിഞ്ഞ മിനിലോറി ഉയർത്താനെത്തിയ ക്രെയിൻ മറിഞ്ഞ് ഓപ്പറേറ്റർ മരിച്ചു

കണ്ണൂർ: മറിഞ്ഞ മിനിലോറി ഉയർത്താനെത്തിയ ക്രെയിൻ മറിഞ്ഞ് ഓപ്പറേറ്റർ മരിച്ചു. കണ്ണൂർ പട്ടുവം മുതുകുട എൽപി സ്കൂളിന് സമീപത്താണ് അപകടം നടന്നത്. ക്രെയിൻ ഓപ്പറേറ്റർ കണ്ണപുരം സ്വദേശി മുസ്തഫയാണ് മരിച്ചത്. ഇന്ന് പുലർച്ചെ 5.45 ഓടെയാണ് അപകടം നടന്നത്. തളിപ്പറമ്പ് അഗ്നിരക്ഷാസേന അംഗങ്ങൾ ക്രെയിനിനകത്ത് കുടുങ്ങിയ മുസ്തഫയെ പുറത്തെടുത്തുവെങ്കിലും മരിച്ചിരുന്നു. മൃതദേഹം കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.