*സംസ്ഥാനത്ത് വോട്ടര്‍ പട്ടിക പുതുക്കലിന് തുടക്കമായി*

സംസ്ഥാനത്ത് വോട്ടര്‍ പട്ടിക പുതുക്കല്‍ ആരംഭിച്ചു. 2023 ജനുവരി ഒന്നിന് യോഗ്യത തീയതിയായി നിശ്ചയിച്ച ശേഷമുള്ള പുതുക്കലാണ് ആരംഭിച്ചത്. യോഗ്യത തീയതിയായി നിശ്ചയിച്ചിട്ടുള്ള 2023 ജനുവരി ഒന്നിനോ, അതിന് മുൻപോ 18 വയസ് തികഞ്ഞ വ്യക്തികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഓണ്‍ലൈനായി സെപ്റ്റംബര്‍ 23 വരെ അപേക്ഷ സമര്‍പ്പിക്കാൻ സാധിക്കും. അതേസമയം, സെപ്റ്റംബര്‍ 8ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്. sec.kerala.gov.in എന്ന വെബ്സൈറ്റില്‍ ലോഗിൻ ചെയ്ത് അപേക്ഷിക്കാവുന്നതാണ്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഫോറം നാലിലും, ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിന് ഫോറം ആറിലും, ഒരു വാര്‍ഡില്‍ നിന്നോ പോളിംഗ് സ്റ്റേഷനില്‍ നിന്നോ സ്ഥാനമാറ്റം വരുന്നതിന് ഫോറം ഏഴിലുമാണ് അപേക്ഷിക്കേണ്ടത്. ഓണ്‍ലൈനായി അപേക്ഷ അയക്കുമ്പോള്‍ അപേക്ഷകര്‍ക്ക് കമ്പ്യൂട്ടർ ജനറേറ്റഡ് ഹിയറിംഗ് നോട്ടീസ് ലഭിക്കുന്നതാണ്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നത് സംബന്ധിച്ചും, പേര് ഒഴിവാക്കുന്നത് സംബന്ധിച്ചുള്ള ആക്ഷേപങ്ങള്‍ ഫോറം അഞ്ചിലാണ് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടത്. തുടര്‍ന്ന് അപേക്ഷയുടെ പ്രിന്റൗട്ടില്‍ പ്രേക്ഷകന്റെ ഒപ്പ് രേഖപ്പെടുത്തിയ ശേഷം തപാല്‍ മുഖാന്തരമോ, നേരിട്ടോ ഇലക്‌ട്രല്‍ രജിസ്ട്രേഷൻ ഓഫീസര്‍ക്ക് ലഭ്യമാക്കണം. ഗ്രാമപഞ്ചായത്ത്, മുൻസിപ്പാലിറ്റി എന്നിവിടങ്ങളില്‍ അതാത് സെക്രട്ടറിമാരും, മുൻസിപ്പല്‍ കോര്‍പ്പറേഷനില്‍ അഡീഷണല്‍ സെക്രട്ടറിയുമാണ് ഇലക്‌ട്രല്‍ രജിസ്ട്രേഷൻ ഓഫീസര്‍മാര്‍.