പൊന്മുടി മീൻമുട്ടി വെള്ളച്ചാട്ടം: പ്രവേശനത്തിന് അനുമതി

ജില്ലയിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ പൊന്മുടി കല്ലാർ മീൻമുട്ടി 
വെള്ളച്ചാട്ടത്തിൽ പ്രവേശിക്കാൻ സന്ദർശകർക്ക് വനംവകുപ്പ് അനുമതി നൽകി. 

അപകടകരമല്ലാത്തസാഹചര്യത്തിൽ ആറ്റിലിറങ്ങാനും കുളിക്കാനുമാണ് അനുവാദം. വെള്ളച്ചാട്ടത്തിനു 
സമീപം പോകാമെങ്കിലും ആറ്റിലിറങ്ങാനോ കുളിക്കാനോ അനുമതി നൽകാതെ വഴിയടച്ച് 
വേലി കെട്ടിയിരിക്കുകയായിരുന്നു ഇതുവരെ. 
മുങ്ങിമരണങ്ങൾ പതിവായ അപകടമേഖലകളിൽ
 സഞ്ചാരികൾ ഇറങ്ങിയിരുന്നു. സഞ്ചാരികൾ എത്തിച്ചേരുന്ന മീൻമുട്ടിയിൽനിന്നു 
ലഭിച്ചിരുന്ന വരുമാനം നിലച്ചതോടെ ജീവനക്കാർക്കു ശമ്പളം കൃത്യമായി 
ലഭിച്ചിരുന്നില്ല.
കല്ലാർ മീൻമുട്ടി 

 വെള്ളിച്ചിലങ്ക കിലുക്കി പതഞ്ഞൊഴുകിയെത്തുന്ന മീൻമുട്ടി വെള്ളച്ചാട്ടം 
സഞ്ചാരികൾക്ക് ഏറെ പ്രിയങ്കരമാണ്. മുതിർന്നവർക്ക് 30 രൂപയും കുട്ടികൾക്ക് 
10 രൂപയും പ്രവേശന ഫീസ് ഈടാക്കുന്നുണ്ട്. ഇരുചക്രവാഹനങ്ങൾക്ക് 30 രൂപയും 
കാറുകൾക്ക് 40 രൂപയും നൽകണം. വനംവകുപ്പ് ഏർപ്പെടുത്തിയ വഴികാട്ടികളും യാത്രയിൽ സഹായിക്കാൻ ഒപ്പമുണ്ടാകും. നഗരത്തിൽനിന്ന് 45 കിലോമീറ്റർ ദൂരം. പൊന്മുടിപ്പാതയിൽ കല്ലാർ പാലത്തിനടുത്തുനിന്ന് രണ്ടു കിലോമീറ്റർ സഞ്ചരിച്ചാൽ മീൻമുട്ടിയിലെത്താം..