തിരുവനന്തപുരം നഗരത്തിൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടം. യുവാവിന്റെ മൊബൈൽ ഫോൺ തട്ടിയെടുത്ത ശേഷം തിരികെ നൽകാൻ ഭീഷണിപ്പെടുത്തി കാലിൽ പിടിപ്പിച്ചു. മൊബൈൽ നൽകണമെങ്കിൽ കാലിൽ മുത്തണമെന്നും ഗുണ്ടാനേതാവ് ആവശ്യപ്പെട്ടതായി യുവാവ്. തിരുവനന്തപുരം തുമ്പ സ്റ്റേഷൻ പരിധിയിലാണ് സംഭവം.എയർപോർട്ട് ഡാനി എന്ന ഗുണ്ടാനേതാവാണ് അക്രമത്തിന് പിന്നിൽ. ഡാനിയും പത്തംഗ സംഘവുമാണ് യുവാവിനെ ഭീഷണിപ്പെടുത്തിയെന്നാണ് വിവരം. യുവാവുമായി ഇയാൾക്ക് വ്യക്തിവൈരാഗ്യമുണ്ട്. ഇതിന് മുമ്പ് അന്തപുരി ആശുപത്രിക്ക് സമീപം വെച്ച് യുവാവിനെ ഡാനി മർദിച്ചിരുന്നു. പിന്നീട് യുവാവിന്റെ ഫോൺ എടുത്തുകൊണ്ടുപോയി.
ഈ ഫോൺ തിരികെ നൽകാമെന്ന് പറഞ്ഞാണ് ഡാനി യുവാവിനെ വീണ്ടും വിളിപ്പിക്കുന്നത്. ഫോൺ തരണമെങ്കിൽ കാലിൽ പിടിച്ചു മുത്തണമെന്ന് ഗുണ്ടാ നേതാവ് ആക്രോശിച്ചു. പിന്നീട് ബലമായി കാല് പിടിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ യുവാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.