രാജ്യത്ത് അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന 52 ലക്ഷം വ്യാജ മൊബൈല്‍ കണക്ഷനുകള്‍ സര്‍ക്കാര്‍ വിച്ഛേദിച്ചതായി മന്ത്രി പറഞ്ഞു. കൂടാതെ 67,000 ഡീലര്‍മാരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2023 മെയ് മുതല്‍ വ്യാജ സിമ്മുകള്‍ നല്‍കി വന്നിരുന്ന 300 ഡീലര്‍മാര്‍ക്കെതിരെ എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന 66,000 വാട്സ്ആപ്പ് അക്കൗണ്ടുകള്‍ സ്വന്തം നിലയില്‍ ബ്ലോക്ക് ചെയ്തതായയും മന്ത്രി പറഞ്ഞു.
‘തട്ടിപ്പുകൾ തടയാൻ സിം ഡീലർമാരുടെ വെരിഫിക്കേഷൻ നിർബന്ധമാക്കും. മാനദണ്ഡങ്ങൾ ലംഘിക്കുന്ന ഡീലർമാർക്ക് 10 ലക്ഷം രൂപ പിഴ ചുമത്തും,’ അശ്വിനി വൈഷ്ണവ് പറഞ്ഞു. രാജ്യത്ത് 10 ലക്ഷം സിം കാർഡ് ഡീലർമാർ ഉണ്ടെന്നും അവർക്ക് വെരിഫിക്കേഷന് മതിയായ സമയം നൽകുമെന്നും വൈഷ്ണവ് പറഞ്ഞു.
ബൾക്ക് കണക്ഷനുകൾ നൽകുന്നത് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് നിർത്തലാക്കിയെന്നും പകരം ബിസിനസ് കണക്ഷൻ എന്ന പുതിയ ആശയം കൊണ്ടുവരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒക്‌ടോബർ ഒന്ന് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. ഇത് പാലിക്കുന്നതിന് ഡീലർമാർക്ക് ആറ് മാസത്തെ സമയം നൽകും.