റേഷന്‍ കൈപ്പറ്റാത്ത മുന്‍ഗണനാ കാര്‍ഡുകാരെ കണ്ടെത്തുമെന്ന് മന്ത്രി; വീടുകളില്‍ പരിശോധന നടത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ എ.എ.വൈ റേഷന്‍ കാര്‍ഡ് ഉടമകളില്‍ 11,590 പേര്‍ കഴിഞ്ഞ ആറു മാസമായി റേഷന്‍ വിഹിതം കൈപ്പറ്റിയിട്ടില്ലെന്ന് മന്ത്രി ജിആര്‍ അനില്‍. ഇതില്‍ ഒരംഗം മാത്രമുള്ള 7790 എ.എ.വൈ കാര്‍ഡുകള്‍ ഉണ്ടെന്നും അവര്‍ ആരും തന്നെ കഴിഞ്ഞ നാലു മാസക്കാലമായി റേഷന്‍ വിഹിതം കൈപ്പറ്റുന്നില്ല. ഇത്തരത്തില്‍ റേഷന്‍ കൈപ്പറ്റാത്ത മുന്‍ഗണനാ കാര്‍ഡ് ഉടമകളുടെ വീടുകളില്‍ ബന്ധപ്പെട്ട താലൂക്ക് റേഷനിംഗ് ഇന്‍സ്പെക്ടര്‍മാര്‍ നേരിട്ടെത്തി പരിശോധിച്ച് നിജസ്ഥിതി മനസ്സിലാക്കി റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍ മന്ത്രി സിവില്‍ സപ്ലൈസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. റേഷന്‍ കൈപ്പറ്റാതെ അനര്‍ഹമായാണോ മുന്‍ഗണനാ കാര്‍ഡുകാര്‍ കൈവശം വച്ചിരിക്കുന്നതെന്ന് മനസിലാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.